കോട്ടയം: മദ്യം കിട്ടാൻ ഒരാപ്പും വേണ്ട, കീശയിൽ പണം മാത്രം മതി. എത്ര കുപ്പി വിദേശമദ്യം വേണമെങ്കിലും സ്വന്തമാക്കാം. ക്യു നിൽക്കേണ്ട, കുപ്പിക്കായി ഒരു ദിവസം കാത്തിരിക്കുകയും വേണ്ട. ആവശ്യസമയത്ത് ബാറുകളിലോ ബിവറേജസ് ഔട്ട്ലെറ്റുകളിലോ ചെന്നാൽ കുപ്പി റെഡി!
ഓണക്കാലമായതോടെ ബിവറേജസ് ഔട്ടുലെറ്റുകളുടെ സമയം രണ്ടു മണിക്കൂർ സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. എന്നാൽ ബാറുകൾ അഞ്ചിനു തന്നെ അടയ്ക്കണം. പക്ഷേ, മിക്ക ബാറുകളും പ്രവർത്തിക്കുന്നത് ഭക്ഷണശാലകളോടെയാണ്. ബാറിന് സമീപമുള്ള ഭക്ഷണശാലകളിൽ ആവശ്യത്തിന് രഹസ്യമായി കുപ്പി വിതരണം ചെയ്യുന്നുണ്ട്. രാത്രി 9 വരെ ഭക്ഷണശാലകളിൽ നിന്നും പാഴ്സൽ നല്കാൻ അനുമതി ഉള്ളതുകൊണ്ട് അതുവരെ കുപ്പിയും ലഭിക്കും.
വരുമാനം കുറച്ച് ആപ്പ്
ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പന കേന്ദ്രങ്ങളിൽ നിന്നും ആപ്പിൽ രജിസ്റ്റർ ചെയ്യാത്തവർക്കും മദ്യം ലഭിക്കുമെന്ന വിവരം പുറത്തായതോടെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. കറുകച്ചാൽ, പള്ളിക്കത്തോട് ഔട്ട്ലെറ്റുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി. കറുകച്ചാൽ ഔട്ട്ലെറ്റിൽനിന്നും കണക്കിൽപ്പെടാത്ത 14,250 രൂപയും പള്ളിക്കത്തോട്ടിൽ നിന്ന് 2690 രൂപയുമാണ് കണ്ടെടുത്തത്. ഒരു കുപ്പിക്ക് 50 രൂപ കൂടുതൽ വാങ്ങിയാണ് മദ്യം വിതരണം ചെയ്തിരുന്നത്. ഇങ്ങനെ അധികം വാങ്ങിയ പണമാണ് ഔട്ട്ലെറ്റിലെ മേശയിൽ നിന്നും കണ്ടെത്തിയതെന്നാണ് വിവരം.
അതേസമയം ബെവ് ക്യൂ ആപ്പ് ബിവറേജസ് കോർപ്പറേഷന്റെ വിറ്റുവരുമാനത്തിൽ വൻ കുറവാണ് വരുത്തിയിട്ടുള്ളത്. ശരാശരി 1500 പേർ എത്തിയിരുന്ന ബിവറേജസ് ഔട്ട്ലെറ്റിൽ ഇപ്പോൾ എത്തുന്നത് മുന്നൂറോ നാനൂറോ പേർ മാത്രം. ബിവറേജസ് കോർപ്പറേഷൻചില്ലറ വില്പന ശാലകളിൽ തിരക്ക് കുറഞ്ഞു. അതേസമയം ബാറുകളിൽ തിരക്ക് കൂടി. വരുമാനത്തിലും ബാറുകൾക്ക് വൻ കുതിച്ചുകയറ്റമാണ്.