vallam

കോട്ടയം : ഓണക്കാലത്ത് പ്രശസ്തമായ മൂന്നു വള്ളംകളികളാണ് കോട്ടയം ജില്ലയിൽ നടക്കുന്നത്. കുമരകത്ത് കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി വള്ളംകളി, താഴത്തങ്ങാടി ആറ്റിൽ ഹെയ്ലി സെലാസി ട്രോഫിക്കായുള്ള മത്സരവള്ളംകളി, കുമരകം കവണാറ്റിലെ ടൂറിസം വള്ളംകളി. മൂന്നും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഈ ഓണക്കാലത്ത് ഇല്ലാതായി. കോട്ടയത്തും കുമരകത്തുമായി വള്ളവും വെള്ളവുമായി ഇഴുകി ചേർന്ന അരഡസൻ ബോട്ട് ക്ലബുകളിലെ നൂറ് കണക്കിന് തുഴച്ചിൽകാർക്ക് കരക്കിരിയ്ക്കേണ്ടി വന്നത് ഓണക്കാല വരുമാനത്തെയും ബാധിച്ചു.

തിരുവോണത്തിന്റെ പിറ്റേന്നാണ് കവണാറ്റിൻകര ആറിൽ നടക്കുന്ന ടൂറിസം വള്ളം കളി. ഒരാൾ തുഴയുന്ന വള്ളങ്ങളുടെ മത്സരം മുതൽ ചുണ്ടൻവള്ളങ്ങൾ വരെ എത്തുന്ന ഇവിടെ ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരമാണ് പ്രധാനം.

ശ്രീനാരായണ ഗുരുദേവൻ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര പ്രതിഷ്ഠയ്ക്കെത്തിയപ്പോൾ നിരവധി കളി വള്ളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാണ് ഗുരുദേവ ജയന്തി ദിവസമായ ചതയനാളിൽ കോട്ടത്തോട്ടിൽ നടക്കുന്ന മത്സര വള്ളംകളി. ശ്രീനാരായണ ട്രോഫിക്കായി ഇരുട്ടുകുത്തി വിഭാഗം വള്ളങ്ങളുടെ പ്രസ്റ്റീജ് മത്സരമാണ് കുമരകത്തേത്.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജലമേളയാണ് താഴത്തങ്ങാടി ആറ്റിലേത്. ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫിയിൽ മികവ് പ്രദർശിപ്പിച്ച ആറ് ചുണ്ടൻ വള്ളങ്ങളും പ്രമുഖ ഇരുട്ട് കുത്തി, വെപ്പ്, ചുരുളൻ വള്ളങ്ങളുമാണ് ഇവിടെ മത്സരിക്കാനെത്തുന്നത്. എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസി ഇവിടെത്തി വള്ളംകളിയിൽ ആകൃഷ്ടനായി സംഭാവന ചെയ്ത ഹെയ്ലി സെലാസി ട്രോഫിയാണ് ജേതാക്കൾക്ക് നൽകുന്നത്.

പ്രശസ്തമായ ഓണക്കാല വള്ളംകളികൾ

ആറന്മുള ഉതൃട്ടാതി വള്ളംകളി

പായിപ്പാട് ജലോത്സവം

നീരേറ്റുപുറം പമ്പാ ജലോത്സവം

ചങ്ങനാശേരി ജലോത്സവം