പൊൻകുന്നം:ഫണ്ട് ലഭ്യമല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്ന പൊൻകുന്നം കപ്പാട് റോഡിന്റെ നിർമ്മാണപ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ നിർദ്ദേശം നൽകി.ഫണ്ടില്ലാത്തത് മൂലം റോഡ്‌ നിർമ്മാണം മുടങ്ങരുതെന്നും ജീവനും സ്വത്തിനും അപകടം വരുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡോമിനിക്ക് നിർദ്ദേശം നൽകി.റോയൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി നൽകിയ പരാതിയിലാണ് ഉത്തരവ്. തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ ഫണ്ടിന്റെ അപര്യാപ്തതമൂലം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. മേലധികാരികൾക്ക് അയച്ചതായി പറയുന്ന 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഏത് ഓഫിസിലേക്കാണ് അയച്ചതെന്നോ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നോ വ്യക്തമല്ലെന്നും ഉത്തരവിൽ ചൂട്ടിക്കാട്ടി.