പൊൻകുന്നം : മലയാളികൾ പാടിപ്പതിഞ്ഞ പൊന്നും ചിങ്ങമാസത്തിന്റെ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു ഓണക്കാലം. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കാലാവസ്ഥ ഇതുപോലെ അനുകൂലമായി നിൽക്കുന്ന ഒരു പൊന്നുംചിങ്ങം വന്നെത്തിയത്. പക്ഷെ അദൃശ്യനായ കൊവിഡ് വൈറസിന് മുമ്പിൽ നിസ്സഹായതയോടെ നിൽക്കുകയാണ് ലോകം. വൈറസിൽ നിന്ന് ഒഴിഞ്ഞുമാറി ഓണം ആഘോഷിക്കണം. അതിനുള്ള ഒരുക്കത്തിലാണ് മലയോരം.
മുണ്ടക്കയം, കോരുത്തോട്, ഇടക്കുന്നം, ഈരാറ്റുപേട്ട, ചിറക്കടവ് തുടങ്ങി മേഖലയിലെ മിക്കയിടങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്. മുൻവർഷങ്ങളിലേത് പോലെ വലിയ ഒരുക്കങ്ങളൊന്നും നടത്തിയില്ലെങ്കിലും നേരിയ പ്രതീക്ഷയോടെ കാത്തിരുന്ന കച്ചവടക്കാർക്ക് നിരാശയുടെ ഓണക്കാലം. ഓണപ്പൂവും ഓണനിലാവും ഓണവെയിലും ഓണക്കിളിയും ഓണത്തുമ്പിയും തുടങ്ങിയ ഓണക്കാഴ്ചകളെല്ലാം ഒരുക്കി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും ആഘോഷം അടിച്ചുപൊളിക്കാൻ കഴിയുന്നില്ല. ചടങ്ങിനെങ്കിലും ഓണം ആഘോഷിക്കാനൊരുങ്ങുമ്പോൾ കണ്ടെയ്ൻമെന്റ് സോണുകളിൽ അതിനും കഴിയാത്ത സ്ഥിതിയാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും ഓണാഘോഷം ഒഴിവാക്കാത്ത മലയാളി ഈ ഓണക്കാലവും അതിജീവിക്കും എന്നാണ് നാട്ടുകാരുടെ പ്രതികരണം. മെല്ലെയാണെങ്കിലും വസ്ത്രവ്യാപാരശാലകളിലും, പലചരക്ക് പച്ചക്കറി കടകളിലും സൂപ്പർമാർക്കറ്റുകളിലും ആളുകളെത്തിത്തുടങ്ങി. സർക്കാരിന്റെയും സഹകരണബാങ്കുകളുടേയും ഓണച്ചന്തകൾ തുടങ്ങി. ഒരു വീട്ടിലേക്കാവശ്യമായ അത്യാവശ്യ സാധനങ്ങളെല്ലാമടങ്ങുന്ന 25 കൂട്ടം സാധനങ്ങളുടെ ഓണക്കിറ്റും ലഭ്യമാണ്.കൃഷിവകുപ്പിന്റെ പച്ചക്കറിക്കടകളിൽ നാടൻപച്ചക്കറികൾക്ക് പൊതുവിപണിയിലേക്കാൾ വിലക്കുറവുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനായി സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ടോക്കൺ നൽകിയാണ് വിതരണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികൾ ഇന്ന് മുതൽ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇനിയുള്ള രണ്ടുദിവസം തിരക്കേറുമെന്നതിനാൽ ജനത്തിനു ബുദ്ധിമുട്ടുണ്ടാകാത്തവിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആരഗ്യവകുപ്പും പൊലീസും ശ്രമിക്കുന്നത്.