curency

കോട്ടയം : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജില്ലയിൽ പൊട്ടിയത് 1300 കോടി രൂപ മുതൽ മുടക്കുള്ള 12 ചിട്ടിക്കമ്പനികൾ. ഈ തുക മുഴുവൻ സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്തതാണ്. കുന്നത്തുകളത്തിൽ ചിട്ടിഫണ്ട് കമ്പനി തട്ടിപ്പാണ് അടുത്തിടെ ജില്ലയിലുണ്ടായ ഏറ്റവും വലിയ തട്ടിപ്പ്. 300 കോടി രൂപയാണ് നഷ്ടപ്പെട്ടത്. കേസിൽ കോടതി നടപടികൾ ആരംഭിച്ചെങ്കിലും ഇതുവരെയും ആർക്കും നഷ്‌ടപരിഹാര തുക ലഭിച്ചിട്ടില്ല. അന്വേഷണവും വഴിമുട്ടി. സോളാർകേസിന്റെ സമയത്ത് വിവാദമായി മാറിയ ആപ്പിൾ ട്രീ തട്ടിപ്പായിരുന്നു മറ്റൊരു തട്ടിപ്പ്. സംസ്ഥാനത്തെമ്പാടും വേരുകളുണ്ടായിരുന്ന ആപ്പിൾ ട്രീയിൽ 1000 കോടിയ്‌ക്ക് മുകളിലായിരുന്നു ഇടപാടുകൾ. ഇതിന്റെ പകുതി പോലും യഥാർത്ഥ നിക്ഷേപകർക്ക് തിരികെ ലഭിച്ചിട്ടില്ല.

തട്ടിപ്പിന് ഇരയായത് 1000ത്തിലധികം നിക്ഷേപകർ

കുന്നത്തുകളത്തിലിന്റെ തട്ടിപ്പിന് ഇരയായത് ആയിരത്തിലധികം നിക്ഷേപകരാണ്. എന്നാൽ, ഇവരിൽ പകുതിയിലധികം ആളുകളും പരാതിയുമായി അന്വേഷണസംഘത്തെ സമീപിച്ചിട്ടില്ല. റിസീവറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 2018 മേയിലാണ് കുന്നത്ത് കളത്തിൽ ജുവലറി ഗ്രൂപ്പും ചിട്ടിക്കമ്പനിയും പാപ്പർ സ്യൂട്ട് സമർപ്പിച്ചത്. ഇതിന് ശേഷം സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

സോളാറിൽ മുങ്ങി ആപ്പിൾ ട്രീ

മദ്ധ്യകേരളത്തിൽ നൂറോളം ശാഖകളുണ്ടായിരുന്ന ആപ്പിൾ ട്രീ ചിട്ടിക്കമ്പനി പൂട്ടിയത് സോളാർ തട്ടിപ്പിന് പിന്നാലെയാണ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായ ആളുകൾ ചേർന്ന് പുതുപ്പള്ളി കേന്ദ്രീകരിച്ചാണ് കമ്പനി സ്ഥാപിച്ചത്. സോളാർ കേസ് വന്നതിനു പിന്നാലെ തട്ടിപ്പ് പുറത്തു വന്നതോടെ കമ്പനി അടച്ചുപൂട്ടി.