പുഴക്കരപാലം-ചെത്തിമറ്റം റോഡ് അനാഥം

പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുഴക്കരപാലം- ചെത്തിമറ്റം റോഡ് വികസനം കടലാസിലുറങ്ങുന്നു. ഒരു കിലോമീറ്റർ നീളമുള്ള റോഡിന്റെ 200 മീറ്റർ ദൂരത്തിൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടി വൈകുന്നതാണ് തിരിച്ചടിയായത്. നഗരത്തിലെ ഗതാഗതത്തിന് പുതിയ വേഗം കൈവരാൻ ലക്ഷ്യമിട്ട് പുനർനിർമ്മിച്ച റോഡിന്റെ ഭൂരിഭാഗവും വീതികൂട്ടിയിരുന്നു. പുഴക്കര പാലം മുതൽ ചെത്തിമറ്റം കുളംങ്കണ്ടത്ത് എത്തി പൂഞ്ഞാർ ഹൈവേയിൽ ബന്ധിപ്പിക്കുന്ന വിധമാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. പി.ഡബ്ലിയു.ഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപെടുത്തിയാണ് നിർമ്മാണം നടത്തിയത്. മൂന്ന് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡ് സ്റ്റേഡിയം വ്യൂ റിവർവ്യൂ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുവശങ്ങളിലുമുളള ഭൂവുടമകൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലം ഉപയോഗിച്ച് എട്ടു മീറ്റർ വീതിയിൽ 800 മീറ്ററോളം ദൂരം വീതികൂട്ടി പൂർത്തീകരിച്ചിരുന്നു. നഗരസഭാധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് സ്ഥലമുടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽകാമെന്ന് സമ്മതിച്ചത്. ബാക്കി ഭാഗത്ത് ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെങ്കിൽ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണമെന്നാണ് നഗരസഭയുടെ നിലപാട്.വികസനം വഴിമുട്ടിയതോടെ അഞ്ചു വർഷമായി റോഡ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. റോഡിന്റെ അവശേഷിക്കുന്ന 200 മീറ്റർ ദൂരത്തിൽ റബർതോട്ടം മാത്രമാണുള്ളത്. മൂന്ന് സ്ഥലമുടമകളുടെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. നഷ്ടപരിഹാരം നൽകിയാൽ ഇവർ സ്ഥലം വിട്ടുനൽകാൻ തയാറാണ്.

റോഡ് പൂർത്തിയായാൽ...

ചെത്തിമറ്റം-കുളങ്കണ്ടം ഭാഗത്തേക്ക് എത്തിച്ചേരുന്ന റോഡ് പൂർത്തിയായാൽ ളാലം ജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് ആശ്വാസമാകും .പാലാ ടൗണിലെ പ്രധാന റോഡിന്റെയും ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയുടെയും ബൈപ്പാസായും ഉപയോഗിക്കാം. കിഴക്കൻ മേഖലകളിൽ നിന്നെത്തുന്നവർക്ക് ടൗണിൽ പ്രവേശിക്കാതെ ഈ റോഡിലൂടെ റിവർവ്യൂ റോഡിലെത്തി കൊട്ടാരമറ്റത്തേക്ക് പോകാം.