കുറവിലങ്ങാട്: സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിൽ മികച്ച പുരോഗതി കൈവരിക്കുമ്പോഴും പ്രേരക് മാർക്ക് അവഗണന . ഓണറേറിയം കൂടി മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയാണ് പ്രേരക്മാർ. പഠിതാക്കളുടെ കാര്യത്തിൽ ഏർപ്പെടുത്തിയ ടാർജറ്റ് സമ്പ്രദായത്തിലെ അശാസ്ത്രീയതയും പ്രേരക്മാർക്ക് തിരിച്ചടിയായി. 2017ലാണ് സാക്ഷരതാ മിഷൻ നേരിട്ട് ഓണറേറിയം നൽകുന്നതിനുള്ള നടപടി ആരംഭിച്ചത്. പ്രതിദിനം 400 രൂപ എന്ന ക്രമത്തിൽ 12000 രൂപയാണ് ഓണറേറിയമായി സർക്കാർ നിശ്ചയിച്ചത്. പഠിതാക്കളുടെ കാര്യത്തിൽ ഏർപ്പെടുത്തിയ ടാർജറ്റ് സമ്പ്രദായത്തിലെ അശാസ്ത്രീയത തുടർച്ചയായി വേതനം മുടങ്ങാൻ കാരണമായതായി പ്രേരക്മാർ പറയുന്നു. ടാർജറ്റ് സമ്പ്രദായം വേതനത്തിൽ വലിയ കുറവിനും കാരണമായി. പുനഃക്രമീകരണത്തിലൂടെ പഞ്ചായത്ത് മാറി ജോലി ചെയ്യേണ്ടി വന്നവർക്കുണ്ടാവുന്ന കൂടിയ യാത്ര ചെലവുകൾ, ഓഫീസ് പ്രവർത്തനത്തിനുള്ള ചെലവുകൾ തുടങ്ങിയവയും വെല്ലുവിളിയായി. ഇതോടെ പ്രേരക്മാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തിൽ ഒരു നിശ്ചിത തുക എല്ലാ മാസവും കൃത്യമായി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നേരിട്ടത് കടുത്ത എതിർപ്പ്
നിരക്ഷരരെ കണ്ടെത്തി സാക്ഷരതാ ക്ലാസിൽ എത്തിച്ച് അക്ഷരങ്ങളും ഗണിതവും പഠിപ്പിച്ച് പരീക്ഷ എഴുതിക്കേണ്ട ചുമതല പ്രേരക് മാർക്കാണ്. എന്നാൽ പഠിതാക്കളുടെ വീട്ടുകാരിൽ നിന്ന് പലഘട്ടങ്ങളിലും എതിർപ്പ് നേരിടേണ്ടിവരുന്നതായും പ്രേരക്മാർ പറയുന്നു. ഏറ്റവും കൂടുതൽ ആളുകളെ സാക്ഷരതാ തുല്യതാ പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതും സാക്ഷരതാ മിഷന്റെ കീഴിലുള്ള പ്രേരക് മാരാണ്. അതേസമയം സാക്ഷരതാ മിഷന്റെ സംസ്ഥാന, ജില്ലാ ഓഫീസുകൾ വരെയുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നടപടികൾ തുടരുമ്പോഴും സർക്കാർ തങ്ങളെ പൂർണമായും അവഗണിക്കുകയാണെന്ന് പ്രേരക്മാർ പറയുന്നു.