കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനയേയും നിയമത്തെയും വെല്ലുവിളിക്കുന്നതായി ബി.ജെ.പി ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കോടികളുടെ കമ്മിഷനും അഴിമതിയ്ക്കും വേണ്ടിയാണ് കേന്ദ്രനിയമം അട്ടിമറിക്കുന്നത്. 1976 ലെ വിദേശനിയമവും വിദേശ ധനസഹായ നിയമവും കമ്മിഷനും അഴിമതിക്ക് വേണ്ടി ലംഘിക്കുകയാണ് സർക്കാർ. കമ്മിഷൻ വാങ്ങുന്നതിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുകയാണ്. സ്വർണ്ണക്കടത്തിൽ പങ്കുള്ളതായി സംശയിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്ര ഏജൻസി അന്വേഷിക്കുകയാണ്. ജലീലിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ജലീലിൽ വിദേശത്ത് നിന്ന് മതഗ്രന്ഥം കേരളത്തിലും കർണാടകത്തിലും വിതരണം ചെയ്തത് സർക്കാർ പരിപാടിയുടെ ഭാഗമാണോ. ആണെങ്കിൽ ബൈബിളും ഭഗവത് ഗീതയും വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകുമോ. തെളിവ് നശിപ്പിക്കാൻ പൊതുഭരണ ഓഫീസ് മാത്രമല്ല വേണ്ടിവന്നാൽ സെക്രട്ടേറിയറ്റിനും പിണറായി തീവയ്ക്കും. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് അന്വേഷണം നീങ്ങുന്നത്. സംസ്ഥാന സർക്കാർ തിരുട്ട് ഗ്രാമം പോലെയായതായും അദ്ദേഹം പറഞ്ഞു. വക്താവ് അഡ്വ.എൻ.കെ. നാരായണൻ നമ്പൂതിരി, സംസ്ഥാന സമിതി അംഗം എൻ.ഹരി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ എന്നിവർ പങ്കെടുത്തു.