കട്ടപ്പന: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. അഞ്ച് പ്രവർത്തകർക്കും നാലു പൊലീസുകാർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ മാത്യു, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, ബിജോ മാണി, കെ.കെ. രതീഷ്, കെ. ഗുണശേഖരൻ, വണ്ടൻമേട് സി.ഐ വി.എസ്. നവാസ്, കട്ടപ്പന എസ്.ഐ സന്തോഷ് സജീവ്, സി.പി.ഒ പ്രശാന്ത് മാത്യു, തങ്കമണി എ.എസ്.ഐ ജേക്കബ് യേശുദാസ് എന്നിവർക്കാണ് പരിക്കേറ്റത്. 80ലധികം സമരക്കാർക്കെതിരെ കേസെടുത്തു.
ഇന്നലെരാവിലെ ഇടുക്കിക്കവലയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് സ്റ്റേഷനുസമീപം ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.
നേതാക്കളുടെ പ്രസംഗത്തിനുശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തിവീശി. തലയ്ക്കടിയേറ്റ് ചോരയൊലിപ്പിച്ചുനിന്ന ജോബി ചെമ്മല, ജോബിൻ മാത്യു എന്നിവരെ പൊലീസ് വാഹനത്തിൽ കയറ്റിയെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചു. തുടർന്ന് പ്രകോപിതരായ പ്രവർത്തകർ പൊലീസ് വാഹനം അടിച്ചുതകർക്കുകയും മുട്ടയെറിയുകയും ചെയ്തു.
പലതവണ സംഘർഷമുണ്ടായതോടെ മുതിർന്ന നേതാക്കളിൽ പെട്ട പ്രവർത്തകരെ മടക്കിഅയച്ചു. പരിക്കേറ്റ പ്രവർത്തകരെ നേതാക്കളുടെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലേക്കു പ്രകടനമായി മടങ്ങിയ നേതാക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് കെ.വൈ. മാത്യുവിനെ കൈയേറ്റം ചെയ്തു. പൊലീസെത്തിയതോടെ ഇവർ പാർട്ടി ഓഫീസിലേക്ക് കയറി.