വാകത്താനം : മാലിന്യ നിർമ്മാർജനം, ശുചിത്വമേഖലയിലെ പ്രവർത്തനം, ഹരിത കർമ്മ സേനയുടെ പ്രവർത്തനം തുടങ്ങിയവ മുൻനിർത്തി വാകത്താനം ഗ്രാമപഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പദ്ധതി കാലയളവുകളിൽ ഗ്രാമപഞ്ചായത്തിന്റെ മേഖലയിലെ പ്രവർത്തനങ്ങൾ സർക്കാർ നിഷ്‌കർഷിച്ച മനദണ്ഡങ്ങൾ പ്രകാരം പൂർത്തീകരിച്ചാണ് നേട്ടം കൈവരിച്ചത്. മാലിന്യ സംസ്‌കരണം തുടർന്നും എല്ലാ വീടുകളിലും ഉറപ്പാക്കാനും ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു. 5 സെന്റിൽ താഴെ ഭുമിയുള്ള പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും അടുക്കള മാലിന്യ സംസ്‌കരണ ഉപാധികൾ വിതരണം ചെയ്യും. ഇതിനായി കിച്ചൺ ബിൻ, ബക്കറ്റ് കമ്പോസ്റ്റ്, കലം കമ്പോസ്റ്റ് യൂണിറ്റുകളും, 5 സെന്റിൽ കൂടുതൽ സ്ഥലമുള്ളവർക്ക് മറ്റ് മാലിന്യ സംസ്‌കരണ ഉപാധികളും ഒരുക്കുന്ന ക്ലീൻ വാകത്താനം ഗ്രീൻ വാകത്താനം പദ്ധതിയും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ബി.പ്രകാശ് ചന്ദ്രൻ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം നടത്തി.