കട്ടപ്പന: യൂത്ത് കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ച് ആക്രമാസക്തമായതോടെ നഗരം യുദ്ധക്കളമായി. പ്രവർത്തകരുമായി തമ്മിലുണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. നിരവധി തവണ പൊലീസിനുനേരെ പ്രവർത്തകർ മുട്ടയെറിഞ്ഞു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചതോടെ പൊലീസ് വാഹനത്തിന്റെ ചില്ലും അടിച്ചുതകർത്തു. രണ്ടു മണിക്കൂറോളം നഗരത്തിൽ സംഘർഷാവസ്ഥ നിലനിന്നു.
സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തിയത്. ഇടുക്കിക്കവലയിൽ നിന്നു പ്രകടനമായി എത്തിയ സമരക്കാരെ സ്റ്റേഷനുസമീപം പള്ളിക്കവല റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ, എ.പി. ഉസ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിച്ചു.
തള്ളിക്കയറ്റവും മുട്ടയേറും
യോഗത്തിനുശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുകയും മുട്ടയെറിയുകയും ചെയ്തതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. തലയ്ക്കടിയേറ്റ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ മാത്യു, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല എന്നിവരെ പൊലീസ് വാഹനത്തിൽ കയറ്റിയെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചു. തുടർന്നാണ് പ്രവർത്തകർ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തത്. ഇതേവാഹനത്തിൽ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ലാത്തിച്ചാർജിൽ പരിക്കേറിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക്‌സഭ മണ്ഡലം മുൻ പ്രസിഡന്റ് ബിജോ മാണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ. രതീഷ്, കെ. ഗുണശേഖരൻ എന്നിവരെ നേതാക്കളുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സമരക്കാരെ നേരിടുന്നതിനിടെ വണ്ടൻമേട് സി.ഐ. വി.എസ്. നവാസ്, കട്ടപ്പന എസ്.ഐ. സന്തോഷ് സജീവ്, സി.പി.ഒ: പ്രശാന്ത് മാത്യു, തങ്കമണി സ്റ്റേഷനിലെ എ.എസ്.ഐ. ജേക്കബ് യേശുദാസ് എന്നിവർക്കും പരിക്കേറ്റു. വീണ്ടും പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
ഹോംഗാർഡിന് നേരെ കൈയ്യേറ്റം
പലതവണ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഡി.സി.സി. പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രവർത്തകർ മടക്കിയയച്ചു. നഗരത്തിലൂടെ പ്രകടനമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലേക്കു മടങ്ങിയ സമരക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് കെ.വൈ. മാത്യുവിനെ കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സന്നാഹം പാഞ്ഞെത്തിയതോടെ പ്രവർത്തകർ പാർട്ടി ഓഫീസിനുള്ളിൽ കയറി. മണിക്കൂറുകളോളം പൊലീസ് നഗരത്തിൽ പട്രോളിംഗ് നടത്തി. സംഘർഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് നഗരത്തിൽ പ്രകടനം നടത്തി.