വൈക്കം : ധ്രുവപുരം കുന്നിൽ പൊന്നുവിളയിച്ച് എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറേക്കര ശാഖാ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് രാസവളവും മരുന്നുമിടാത്ത നല്ല കപ്പയും വാങ്ങി പോകാം.
ശാഖാ വക ധ്രുവപുരം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള 80 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. ഒരു ഭാഗത്ത് നെല്ല് വിതച്ചു. അത് കതിരായി തുടങ്ങി. മറ്റൊരുഭാഗത്ത് വാഴ, കപ്പ കൃഷികളും. കപ്പയ്ക്കിടയിൽ എള്ളും വിതച്ചിരുന്നു. അതു നേരത്തേ വിളവെടുത്തു ആ എള്ളാണ് ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. നിലവിൽ കപ്പയുടെ വിളവെടുപ്പ് നടക്കുകയാണ്. രാസവളവും കീടനാശിനിയും തീർത്തും ഉപയോഗിക്കില്ല. കപ്പക്ക് വളപ്രയോഗമേ നടത്തിയില്ല. പക്ഷേ മികച്ച വിളവാണ് ലഭിച്ചത്. ഒരു 6 മുതൽ ഏഴ് കിലോവരെ വരും ഒരു കപ്പക്കിഴങ്ങ്. വിളവെടുത്ത കപ്പ മൂന്ന് കിലോയ്ക്ക് അൻപത് രൂപ നിരക്കിൽ നൽകുന്നു. ഞാലിപ്പൂവനും പാളയം കോടനുമാണ് വാഴകൃഷി. വാഴകൾ കുലച്ചു തുടങ്ങി. ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി മുപ്പതിനായിരം രൂപയുടെ വാഴയില വാങ്ങേണ്ടി വന്നിരുന്നു മുൻ വർഷങ്ങളിൽ. ഇപ്പോൾ ഇല പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നില്ല. പൂജകൾക്കായി കദളി വാഴയും കൃഷിചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പൈനാപ്പിൾ കൃഷിയും ഉടൻ ആരംഭിക്കും. കരനെല്ല് കൊയ്താലുടൻ അവിടെ കപ്പയിടാനാണ് പരിപാടി.