കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറി കടന്ന് ജനങ്ങൾ ഓണലഹരിയിൽ. ഉത്രാടപാച്ചിൽ എന്നു വിളിക്കുന്ന തിരുവോണത്തിന്റെ ക്ലൈമാക്സ് ഇന്നാണെങ്കിലും ജനങ്ങൾ ഇന്നലെ തന്നെ തെരുവിലിറങ്ങിയതോടെ രാവിലെ മുതൽ നഗരം ഗതാഗത കുരുക്കിലായി . കടകളിലെല്ലാം തിരക്കാണ്. എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഓണം ആഘോഷിക്കാതെ വയ്യെന്ന മട്ടിലാണ് ജനങ്ങളുടെ ആവേശം.
നാടൻ പച്ചക്കറികൾ
ഓണക്കാലം മുൻകൂട്ടി കണ്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി ഇനങ്ങൾ വളർത്തിയത് തമിഴ്നാട്ടിലെ കീടനാശിനി വിതറിയ വിഷ പച്ചക്കറികളെ കൂടുതൽ ആശ്രയിക്കാതിരിക്കാൻ ജനങ്ങൾക്ക് താങ്ങായി. വീടുകളിലും ടെറസ് കൃഷിയടക്കം ആളുകൾ നടത്തിയിരുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ ഏറെക്കുറെ ഏതു വീട്ടിലും ഉണ്ടെന്ന നിലയായി. പൊതു വിപണിയിലേക്കാൾ 30 ശതമാനം വരെ നാടൻ പച്ചക്കറിക്ക് വില കുറവാണ്.
ഉപ്പേരിയില്ലാതെ ഓണമില്ല
നാടൻ കായ് വില കിലോക്ക് 70 രൂപ വരെ എത്തി. വരവു കായ് ഉണ്ടെങ്കിലും വറുത്താൽ കൂടുതൽ രുചിയും അരിഞ്ഞാൽ കൂടുതൽ കഷണങ്ങളുമുള്ള നാടൻ കായോടാണ് ജനങ്ങൾക്ക് താത്പര്യം . സപ്ലൈക്കോ വക ഓണച്ചന്തയിലും കൃഷി വകുപ്പിന്റെ ഔട്ട് ലെറ്റുകളിലും നാടൻ നേന്ത്രകായും വയനാടൻ കായും ലഭ്യമായിരുന്നു. മെനക്കെടാൻ കഴിയാത്തവർക്ക് വാങ്ങാൻ കിലോയ്ക്ക് 400 രൂപ വരെ വിലയ്ക്ക് ഉപ്പേരി വിൽപ്പനക്കുണ്ട്.
പൂക്കളം നാടനായി
തമിഴ്നാട്ടിൽ നിന്ന് പൂക്കൾ വന്നില്ലെങ്കിൽ മലയാളികൾ പൂക്കളമിടില്ലെന്ന പതിവ് തെറ്റിച്ച് വീട്ടുമുറ്റത്തും തൊടികളിലുമുള്ള തുമ്പയും ചെത്തിയും ചെമ്പരത്തിയും വിവിധ കാട്ടുപൂക്കളും ഇലകളും കൊണ്ടായിരുന്നു കൂടുതൽ പേരും പൂക്കളം തീർത്തത്. ഏതു സാഹചര്യത്തിലും മലയാളിത്തത്തിലേക്ക് മടങ്ങാനുള്ള മനസ് മലയാളിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഈ ഒാണക്കാലം തെളിയിച്ചു.
ഓണക്കോടിയും നാടൻ
ഓണം മുന്നിൽ കണ്ട് അന്യ സംസ്ഥാന വസ്ത്ര വ്യാപാരികളുടെ കച്ചവടം കൊവിഡ് നിയന്ത്രണത്താൽ ഉണ്ടായില്ല. 30 ശതമാനം സർക്കാർ കിഴിവോടെ പ്രവർത്തിച്ച ഹാൻഡെക്സ്, ഹാൻഡ് ലൂം, കൈത്തറി വസ്ത്ര വ്യാപാര ശാലകളിൽ പതിവിലും നല്ല തിരക്കാണ്. എന്നാൽ ഇക്കുറി സെറ്റുമുണ്ടും സാരിയും മറ്റും കാര്യമായി വിറ്റു പോയില്ല. കോളേജുകളിലും ഒാഫീസുകളിലും ഒാണാഘോഷങ്ങൾ ഉണ്ടായില്ലെന്നതാണ് ഇതിനു മുഖ്യകാരണം.
സിനിമയില്ലാത്ത ഒാണം
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ അടച്ച തിയറ്ററുകൾ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഓണക്കാലത്തും തുറന്നില്ല. പുതിയ സിനിമകളുടെ റിലീസും ഉണ്ടായില്ല. ടി.വി.ചാനലുകളിൽ പഴയ സിനിമകളും ആമസോൺ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളും കണ്ട് പ്രേക്ഷകർക്ക് ഈ ഓണക്കാലത്ത് തൃപ്തി പ്പെടേണ്ടിവരും. ഒാണ സദ്യ കഴിഞ്ഞ് സിനിമാ തിയേറ്ററിലേയ്ക്ക് പാഞ്ഞിരുന്ന മലയാളിയുടെ ഒരു ശീലത്തിനു കൂടി ഈ കൊവിഡ് കാലം കടിഞ്ഞാണിട്ടു.