ചങ്ങനാശേരി : കൊവിഡ് നിയമം കാറ്റിൽപ്പറത്തി നഗരത്തിലെ ഫുട്പാത്തുകൾ വഴിയോരക്കച്ചവടക്കാർ കൈയടക്കി. നഗരസഭയുടെ മൂക്കിൻ തുമ്പത്താണ് അനധികൃത കച്ചവടം പൊടിപൊടിക്കുന്നത്. ഫുട്പാത്തുകളിൽ കൂടി സഞ്ചരിക്കാനിടമില്ലാതെ കാൽനട യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഒന്നാം നമ്പർ ബസ് സ്റ്റാൻഡ് മുതൽ കാവാലം ബസാർ റോഡിലും എം.സി റോഡിൽ പുതൂർപ്പള്ളി ജംഗ്ഷൻ മുതൽ പെരുന്ന ബസ് സ്റ്റാൻഡ് വരെയുമുള്ള ഭാഗത്താണ് അനധികൃത കച്ചവടം നടക്കുന്നത്.
നഗരസഭയുടെയും പൊലീസിന്റെയും നിയന്ത്രണ നടപടികൾ കുറഞ്ഞതോടെയാണ് വഴിയോരക്കച്ചവടം പെരുകിയത്. കാവാലം ബസാർ റോഡിൽ രാത്രികാലങ്ങളിൽ വൻതോതിൽ മാലിന്യം തള്ളുന്നതിനെത്തുടർന്ന് ദുർഗന്ധ പൂരിതമാണ്. നഗരസഭാ ജീവനക്കാർ മാലിന്യം നീക്കം ചെയ്യുന്നതിനു പിന്നാലെ മാലിന്യം നീക്കിയ ഭാഗത്ത് പഴവർഗങ്ങളും പച്ചക്കറികളും മറ്റ് സാധന സാമഗ്രികളും വിൽക്കുകയാണ്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. ഈ ഭാഗത്തുള്ള പച്ചക്കറി കടകളിലേയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേയും സാധനങ്ങളും ബോർഡുകളും റോഡരികിലേക്കിറക്കി വയ്ക്കുന്നതും പതിവാണ്.
അനധികൃത പാർക്കിംഗും ദുരിതം
വാഴൂർ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ ഒന്നാം നമ്പർ ബസ് സ്റ്റാൻഡ് വരെ നീളുന്ന അനധികൃത പാർക്കിംഗും കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഏറെ തിരക്കുള്ള പുതൂർപ്പള്ളി ജംഗ്ഷൻ മുതൽ മുനിസിപ്പൽ ജംഗ്ഷൻ വരെയുള്ള ഭാഗം പൂർണമായും വഴിയോരക്കച്ചവടക്കാരുടെ പിടിയിലാണ്. ചെരുപ്പുകളും വസ്ത്രങ്ങളും കുടകളും ഫുട്പാത്തിൽ നിരത്തിയിട്ട കച്ചവടം നടത്തുകയാണ്. രാത്രികാലങ്ങളിൽ പെട്ടി ഓട്ടോകളിൽ മത്സ്യവ്യാപാരവും തകൃതിയാണ്.