കേരള രാഷ്‌ട്രീയത്തിലെ പുകഞ്ഞ കൊള്ളിയാണ് കേരള കോൺഗ്രസ് പാർട്ടി . പിളരുന്തോറും വളരുകയല്ല തമ്മിലടിച്ചു വളയുന്ന പ്രത്യേക ജനുസിലള്ള പാർട്ടി . ആകെയുള്ള അഞ്ച് എം.എൽ.എമാർക്കായി ജോസും -ജോസഫും രണ്ട് വിപ്പ് പുറപ്പെടുവിച്ചതോടെ ഒരു പാർട്ടിയിൽ നിന്ന് രണ്ട് വിപ്പെന്ന അസാധാരണ സംഭവത്തിനും കേരള നിയമസഭ സാക്ഷ്യം വഹിച്ചു.
ഒരമ്മയും അഞ്ച് അച്ഛൻമാരുമാണ് പാണ്ഡവരുടേത് . പക്ഷേ ഇത്ര യോജിപ്പ് മറ്റാരിലും കാണില്ല. അഞ്ച് എം.എൽഎമാരുള്ള കേരളകോൺഗ്രസുകാരെ പഞ്ച പാണ്ഡവന്മാരെന്ന് വിളിക്കുന്നത് അവർക്ക് അപമാനമാകും , രണ്ട് തന്തയ്ക്ക് പിറന്നതുപോലെ രണ്ട് വിപ്പ് പുറപ്പെടുവിച്ചവരെ എങ്ങനെ വിശേഷിപ്പിക്കും? കാവിലെ പാട്ടു മത്സരത്തിന് കാണാമെന്നു പറഞ്ഞതുപോലെ അവിശ്വാസ പ്രമേയ സമ്മേളനത്തിൽ നിന്നു ജോസ് വിഭാഗം വിട്ടു നിന്നു. യു.ഡി.എഫ് യോഗത്തിൽ നിന്നു പുറത്താക്കിയതേയുള്ളു . യു.ഡി.എഫിൽ നിന്നു പുറത്താക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ രണ്ട് പുറത്താക്കലോ എന്നു പറഞ്ഞ് പരിഹസിക്കുകയാണ് ജോസ് വിഭാഗം.
ഏതായാലും ജോസ് വിഭാഗം കലമുടച്ചു. ഇനി യു.ഡി.എഫിൽ നിന്ന് എപ്പോൾ പുറത്താക്കുമെന്നു മാത്രം അറിഞ്ഞാൽ മതി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ ജോസ് വിഭാഗം ഇടതുമുന്നണിയിലേക്കോ അതോ എൻ.ഡി.എയിലേക്കോ എന്ന പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോഴും നേതാക്കൾ മനസു തുറക്കുന്നില്ല. എങ്ങനെയും തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫിലും കൂടുതൽ സീറ്റ് നേടുന്നതിന് ആരുമായും കൂട്ടു കൂടും. പരസ്യവും രഹസ്യമായ ധാരണകൾ അടവു നയമെന്ന പേരിൽ അരങ്ങേറും. ഇതിനുള്ള നീക്കമാണ് നടക്കുന്നത്.
ഇനി യു.ഡി.എഫിൽ നിൽക്കാൻ കഴിയാത്തതിനാൽ ഇടത്തോട്ടുചായാതെ വയ്യ. ജോസ് വിഭാഗത്തിന് മദ്ധ്യകേരളത്തിൽ ഉള്ള സ്വാധീനം മുതലാക്കി ഇടതുമുന്നണിയുടെ കൂടാരത്തിൽ കയറ്റുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചക്കൊടി വീശി നൽകുന്ന സൂചന. രഹസ്യവും പരസ്യവുമായ കൂട്ടുകെട്ട് അരങ്ങേറുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനുള്ള ട്രയൽ റണ്ണെന്നു വിശേഷിപ്പിക്കാം.
എം.എൽ.എ ക്വാർട്ടേഴ്സിലെ മുറിക്കു മുന്നിൽ അഞ്ച് എം.എൽഎമാർക്കായി ഇരു വിഭാഗവും പത്ത് വിപ്പു പതിച്ച അസാധാരണ കാഴ്ചക്കും കേരളം സാക്ഷിയായി. നിയമസഭയിൽ റോഷി അഗസ്റ്റിനെ വിപ്പായി സ്പീക്കർ അംഗീകരിച്ചുള്ള സ്ഥിതി നിലനിൽക്കുന്നതിനാൽ റോഷിയുടെ വിപ്പിനാണ് അധികാരമെന്ന് സ്പീക്കർ വ്യക്തമാക്കിയതായി ജോസ് വിഭാഗം ആണയിടുന്നു. റോഷിയെ മാറ്റി വിപ്പായി തന്നെ തിരഞ്ഞെടുത്തതായി സ്പീക്കർക്ക് കത്തു നൽകിയിരുന്നു എന്ന് മോൻസ് ജോസഫ് പറയുന്നു. അണ്ടിയാണോ മാങ്ങയാണോ മൂത്തതെന്ന തർക്കം ഇരുവിഭാഗവും ഉയർത്തി കാലുമാറ്റ നിരോധന നിയമത്തിൽ പെടുത്തി പരസ്പരം എം.എൽഎ സ്ഥാനം കളയാൻ കളിക്കുമ്പോൾ ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന പഴം ചൊല്ലാണ് ഓർമയിൽ വരിക.
രണ്ടു വിഭാഗവും അഞ്ച് എം.എൽഎമാർക്കായി രണ്ട് വിപ്പ് പുറപ്പെടുവിച്ചതോടെ കേരളനിയമസഭാ ചരിത്രത്തിൽ ഒരു പാർട്ടിയിൽ നിന്ന് രണ്ട് വിപ്പെന്ന അസാധാരണ ഏട് കേരളകോൺഗ്രസിന്റെ പേരിൽ രേഖപ്പെടുത്തി ചരിത്രം സൃഷ്ടിച്ചു. പന്ത് സ്പീക്കറുടെ കോർട്ടിലാണ് .ആരെ പുറത്താക്കണം അരെ നിലനിറുത്തണമെന്ന തീരുമാനവും വൈകാനാണ് സാദ്ധ്യത .ഇനി എന്തൊക്കെ സംഭവിക്കുമെന്നതിനായ് നമുക്ക് കാത്തിരിക്കാം..