popular

കോട്ടയം: പത്തനംതിട്ട പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ വേരുകൾ കോട്ടയത്തും. ജില്ലയിൽ ഇതുവരെ മുപ്പത് കേസുകളിലായി മൂന്നരക്കോടി രൂപ തട്ടിയെടുത്തതായി പരാതി ഉയർന്നു. ഇതേത്തുടർന്ന് ജില്ലയിലെ എല്ലാ കേസുകളും ഒന്നിച്ച് ചങ്ങനാശേരിയിൽ രജിസ്റ്റർ ചെയ്‌ത ശേഷം പത്തനംതിട്ടയ്‌ക്ക് കൈമാറാനാണ് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത് .

ചങ്ങനാശേരി സ്റ്റേഷനിൽ ചങ്ങനാശേരി സ്വദേശിയുടെ പരാതിക്കു പിന്നാലെയാണ് സ്ഥാപനം പൊട്ടിയതും, ഉടമകൾ നാട് വിട്ടതും. ഇതിനു ശേഷം ജില്ലയിൽ കൂടുതൽ പരാതികളുണ്ടായി. ചങ്ങനാശേരി സബ് ഡിവിഷനിൽ മാത്രം ഒൻപതു ഓഫീസുകളാണ് പോപ്പുലർ ഫിനാൻസിന് ഉണ്ടായിരുന്നത്. ചങ്ങനാശേരിയിലെയും മണർകാട്ടെയും ഒാരോ ഓഫീസുകളേ നിലവിൽ പൂട്ടിയിട്ടുള്ളൂ.

ചങ്ങനാശേരി ഡിവൈ.എസ്.പി വി.ജെ ജോഫിയും ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറുമാണ് ജില്ലയിലെ കേസുകൾ ഏകോപിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ചങ്ങനാശേരി സ്‌റ്റേഷനിൽ മാത്രം ലഭിച്ചത് 30 പരാതികളാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. നിക്ഷേപകർക്കു നൽകിയ ബോണ്ടുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസ്, പോപ്പുലർ ട്രേഡേഴ്‌സ്, പോപ്പുലർ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.