അടിമാലി: ഡോക്ടർ അനസ്തീസിയ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ യുവതിയുടെ ശസ്ത്രക്രിയ മുടങ്ങിയ സംഭവം ജില്ലാ മെഡിക്കൽ ആഫീസർ അന്വേഷിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പൂപ്പാറ സ്വദേശിനി അരുണാ ദേവി പ്രഭുവിനെ (34) വാഹനമിടിച്ച് കാലിന്റെ അസ്ഥി ഒടിഞ്ഞ നിലയിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം വരാൻ വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ വ്യാഴാഴ്ച നടത്താനായില്ല. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടതിനാൽ ഓർത്തോ വിഭാഗം ഡോക്ടർ വെള്ളിയാഴ്ച രാവിലെ ഓപ്പറേഷൻ തീയേറ്ററിലെത്തി. എന്നാൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും അനസ്‌തെറ്റിക്സ് ഡോക്ടർ എത്തിയില്ല. വെള്ളിയാഴ്ച ഗൈനക്കോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ വിഭാഗമാണെന്നും അതിനാൽ ഓർത്തോ വിഭാഗത്തിന് അനസ്തീസിയ നൽകാനാകില്ലെന്നുമുള്ള നിലപാട് അനസ്തെറ്റിക്സ് ഡോക്ടർ എടുത്തു. ഇതോടെ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിൽ കയ്യാങ്കളിയായി. രോഗിയുടെ ശസ്ത്രക്രിയ മുടങ്ങി. തുടർന്ന് രോഗിയെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ടതായി വന്നു. പാവപ്പെട്ട തോട്ടംതൊഴിലാളി യുവതിക്ക് അർഹമായ ചികിത്സ നൽകാതെ വൻ സാമ്പത്തിക ബുദ്ധിമുട്ട് വരുത്തിയ ഡോക്ടർമാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ആരോഗ്യമന്ത്രിക്കും ഡി.എം.ഒയ്ക്കും പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം.