കോട്ടയം: ആറന്മുള ഉത്രട്ടാതി വള്ളസദ്യയ്‌ക്കുള്ള വിഭവങ്ങളുമായി കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് നിന്ന് തിരുവോണത്തോണിയുടെ അകമ്പടിത്തോണി പുറപ്പെട്ടു. ഇല്ലത്തെ രവീന്ദ്ര ബാബു ഭട്ടതിരിയുടെ കന്നിയാത്രയാണിത്. ഇന്നലെ രാവിലെ 11 ന് ആചാരത്തനിമയിൽ, കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സംഘം യാത്ര തിരിച്ചത്. ഇവർ ഇന്നലെ വൈകിട്ട് കാട്ടൂരിൽ എത്തി വിശ്രമിച്ചു. ഇന്ന് വൈകിട്ടോടെ മറ്റൊരു വള്ളത്തിൽ ആറന്മുളയിലേയ്‌ക്ക് പോകും.
മുൻവർഷങ്ങളിൽ തിരുവോണത്തോണിയ്ക്ക് തിരുവല്ല മൂവടത്തു മഠത്തിൽ സ്വീകരണം നൽകുമായിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇക്കുറി സ്വീകരണം ഒഴിവാക്കി. കുമാരനല്ലൂരിൽ നിന്നുള്ള ചുരുളൻ വള്ളത്തിൽ തന്നെയാണ് മുൻ വർഷങ്ങളിൽ ഭട്ടതിരി ആറന്മുളയ്ക്ക് പോയിരുന്നത്. ഇക്കുറി കുമാരനല്ലൂരിൽ നിന്നു പോയ വള്ളം മാറ്റി, കാട്ടൂരിൽ നിന്ന് ആറന്മുള പള്ളിയോട സംഘം ഏർപ്പെടുത്തുന്ന വള്ളത്തിലാണ് യാത്ര തിരിക്കുക. സെപ്തംബർ നാലിനാണ് ഉത്രട്ടാതി ജലോത്സവം.