മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ്

കട്ടപ്പന: യൂത്ത് കോൺഗ്രസ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എമ്പതിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. സംഘർഷത്തിൽ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നാല് പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. പ്രതിഷേധ യോഗത്തിനുശേഷം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രകോപിതരായ സമരക്കാർ പൊലീസ് വാഹനത്തിന്റെ ചില്ലും അടിച്ചുതകർത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കൊവിഡ് നിയമം ലംഘിച്ച് സംഘം ചേർന്നതിനും പ്രവർത്തകർക്കെതിരെ കേസെടുത്തു. രണ്ടുപേരുടെ തലയ്ക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്ക് നാലോളം തുന്നലും ഇടത് കൈയ്ക്ക് പൊട്ടലുമുണ്ട്. പരിക്കേറ്റവരിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ മാത്യു, ലോക്സഭ മണ്ഡലം മുൻ പ്രസിഡന്റ് ബിജോ മാണി, കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി ഗുണശേഖരൻ, യൂത്ത് കോൺഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ, കെ.കെ. രതീഷ് എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. എസ്.വി. രാജീവ്, ടോണി എബ്രഹാം എന്നിവർ ചികിത്സയ്ക്കുശേഷം വീടുകളിലേക്കു മടങ്ങി. അതേസമയം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. ലാത്തിചാർജ് നടത്തിയത് ആസൂത്രിതമാണ്. സമാധാനപരമായി സമരം നടത്തി പിരിഞ്ഞ് പോകാനൊരുങ്ങിയ പ്രവർത്തകരെ തലയ്ക്കടിച്ച് വീഴുത്തുകയായിരുന്നു. വണ്ടൻമേട് സി.ഐ ഉൾപ്പെടെയുള്ളവർ വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവർത്തകർക്കുനേരെ ലാത്തിവീശിയത്. കൂടാതെ തഹസിൽദാർ മാർച്ച് നടന്ന സ്ഥലത്തെത്തിയത് അജ്ഞാതമാണെന്നും ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ ആരോപിച്ചു.