പാലാ : ഓണാവധി ദിനങ്ങൾ മറയാക്കി അനധികൃത പാറമണ്ണ് ഖനനവും കടത്തലും വ്യാപകമായതിനെത്തുടർന്ന് റവന്യുവകുപ്പധികൃതർ നടത്തിയ പരിശോധനയിൽ മണ്ണുമായെത്തിയ 4 ടോറസ് ലോറികളും കരിങ്കല്ല് കയറ്റിയ 1 ലോറിയും ജെ.സി.ബിയും പിടികൂടി കേസെടുത്തു. കടപ്ലാമറ്റത്ത് അനധികൃത ഖനനനം നടത്തുകയായിരുന്ന പാറമടയിൽനിന്ന് ജെ.സി.ബിയും കരിങ്കല്ല് കയറ്റുകയായിരുന്ന ടിപ്പർ ലോറിയും വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. വള്ളിച്ചിറയിൽ പാസില്ലാതെ മണ്ണ് കയറ്റി വന്ന 3 ടോറസ് ലോറികൾ വള്ളിച്ചിറ
വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി.
തലപ്പലത്തും മണ്ണ് കയറ്റി വന്ന ഒരു ടോറസ് ലോറി തലപ്പലം വില്ലേജ് ഓഫീസർ പിടികൂടി. ഇന്ന് മുതൽ തുടർച്ചയായി ശക്തമായ പരിശോധന തുടരുമെന്ന് മീനച്ചിൽ തഹസിൽദാർ വി.എം അഷറഫ് പറഞ്ഞു. വിലകൂട്ടിവിൽക്കുന്നതുൾപ്പടെയുള്ള എല്ലാ പരാതികളും താലൂക്ക് ഓഫീസിലെ 212325 എന്ന ഫോൺ നമ്പരിൽ പൊതുജനങ്ങൾക്ക് അറിയിക്കാം.