police

കോട്ടയം: കൊവിഡ് കാലത്തെ ഓണത്തിന് പഴയ പൊലിമയില്ലെങ്കിലും ആഘോഷങ്ങളിൽ കുറവില്ല. ഓണസദ്യയും ഓണക്കോടിയും പൂക്കളവുമിട്ടുതന്നെയാണ് ആഘോഷം. എന്നാൽ ഓണാഘോഷങ്ങൾ മാറ്റി വച്ച് ജോലിയിൽ തുടരുന്ന ചിലരുമുണ്ട്. പൊലീസുകാരും ആരോഗ്യ പ്രവർത്തകരും മറ്റുമാണിവർ.

കാവലായി പൊലീസുകാർ

പതിവ് പോലെ തന്നെയാണ് ഇക്കുറിയും പൊലീസിന്റെ ഓണം. ഉത്രാട ദിനമായ ഇന്നലെ മിക്ക സ്റ്റേഷനിലും പൂക്കളമിട്ടു. ചെറിയ തോതിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഓണസദ്യയടക്കവും നടത്തി. എന്നാൽ, തിരുവോണ ദിവസമായ ഇന്ന് ജില്ലയിലെ 1200 പൊലീസ് ഉദ്യോഗസ്ഥരിൽ 900 ത്തോളം പേർക്കും കുടുംബത്തോടൊപ്പമുള്ള ആഘോഷം ഉണ്ടാകില്ല. നാട് ആഘോഷിക്കുമ്പോൾ, നാട്ടുകാർക്ക് കാവൽ നിൽക്കുകയാവും ഇവർ.

ഇക്കുറി രോഗികൾക്കൊപ്പം

ആരോഗ്യ പ്രവർത്തകരാണ് ഒാണം ഇല്ലാത്ത മറ്റൊരു കൂട്ടർ. ജില്ലയിലെ മെഡിക്കൽ കോളേജിലും വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലും ഐസൊലേഷൻ വാർഡുകളിലും ട്രീറ്റ്‌മെൻ്റ് സെന്ററുകളിലുമായി അഞ്ഞൂറിലധികം ആരോഗ്യ പ്രവർത്തകരാണ് ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം ക്വാറന്റൈൻ കാലാവധി പൂർത്തിയാകാത്തതിനാൽ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാനാവില്ല.

വിളികാത്ത് ഡ്രൈവർമാർ

കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം മുന്നിൽ നിൽക്കുന്ന 108 ആംബുലൻസ് ഡ്രൈവർമാർക്കും ഇക്കുറി കുടുംബത്തോടൊപ്പം ഓണമില്ല. ജില്ലയിൽ 17 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ഒരു ആംബുലൻസിൽ ഒരു ഡ്രൈവറും ഒരു ആരോഗ്യ പ്രവർത്തകനുമാണുള്ളത്. ഇവരെല്ലാവരും ക്വാറന്റൈനിൽ കഴിയേണ്ടവരാണ്.