കോട്ടയം: ക്ഷേത്രക്കുളങ്ങളിൽ മീൻ വളർത്താനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും. പദ്ധതിയ്‌ക്ക് പിന്തുണയുമായി ജില്ലയിലെ ചില ദേവസ്വം, ക്ഷേത്ര ഭാരവാഹികളുമുണ്ട്.
ആദ്യഘട്ടമായി കുമരകം വടക്കുംകര ക്ഷേത്രക്കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്‌തു. മറ്റു ക്ഷേത്രങ്ങളിലും ഇതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചില ക്ഷേത്രകമ്മിറ്റിക്കാർ മീൻ വളർത്തലിനു സന്നദ്ധരായി മുന്നോട്ടു വന്നിട്ടുമുണ്ട്.
എന്നാൽ, ഹൈന്ദവ സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി. തന്ത്രശാസ്ത്രമനുസരിച്ച് ദേവന്റെ ശരീരമാണ് ക്ഷേത്രം. ചുറ്റുമതിലും ഗോപുരവും ക്ഷേത്ര ശരീരത്തിന്റെ പാദം ആണ്. അതിന്റെ പരിധിക്കുള്ളിൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ, കൃഷികൾ തുടങ്ങിയവ പാടില്ലെന്ന് ഹൈന്ദവ സംഘടനകൾ പറയുന്നു. ഭക്തർ അനുഗ്രഹത്തിനായി മീനൂട്ട് നടത്തി പ്രാർത്ഥിക്കുമ്പോൾ അവിടെത്തന്നെ കറിവച്ചുകഴിക്കാനുള്ള മീൻ വാണീജ്യാവശ്യത്തിനായി വളർത്തി വിറ്റ് പണമുണ്ടാക്കുകയെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ നിലപാട്.
മീൻവളർത്തൽ ആചാരവിരുദ്ധം
ക്ഷേത്രക്കുളങ്ങളെ മത്സ്യ വ്യവസായത്തിന് ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ക്ഷേത്രക്കുളത്തിൽ നിന്ന് മീൻ പിടിക്കുന്നതും വിപണനം നടത്തുന്നതും ആചാരവിരുദ്ധമാണ്.
രാജേഷ് നട്ടാശേരി, ജില്ലാ ജനറൽ സെക്രട്ടറി
ഹിന്ദു ഐക്യവേദി
വിശ്വാസത്തോടുള്ള വെല്ലുവിളി
പുണ്യതീർത്ഥമായി കല്പിക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ ദേവചൈതന്യം കുടികൊള്ളുന്നു. അവിടെ മീൻ വളർത്തൽ ഹൈന്ദവ വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ ഇതിനു തയ്യാറാകരുത്. പിന്മാറണം.
സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്,
സൂര്യകാലടി മന.
പദ്ധതിയിൽ നിന്ന് പിൻമാറില്ല
ക്ഷേത്രക്കുളങ്ങളിലടക്കം സംസ്ഥാനത്ത് മുഴുവനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മീൻ വളർത്തൽ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് കുമരകത്തും പദ്ധതി നടപ്പാക്കുന്നത്. 41 ലക്ഷം മീൻ കുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തെമ്പാടുമായി നിക്ഷേപിക്കുന്നത്.
ജയേഷ് മോഹൻ,
ജില്ലാ പഞ്ചായത്തംഗം