uthradam1

കോട്ടയം: ഉത്രാടപ്പാച്ചിലിൽ മുങ്ങി കോട്ടയം നഗരം. ഇന്നലെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ആളുകൾ കടകളിൽ എത്തിയത്. വ്യാപാര സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കും പൊലീസും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ കോട്ടയം മാർക്കറ്റിൽ തിരക്കായിരുന്നു.

ജനങ്ങൾ എങ്ങിനെയെങ്കിലും കടകളിലെത്തി അത്യാവശ്യ സാധനങ്ങൾ വാങ്ങി മടങ്ങാൻ ശ്രമിക്കുന്നതിനിടെ രാഷ്ട്രീയ പ്രതിഷേധങ്ങളും നഗരത്തിൽ അരങ്ങേറി. യുവമോർച്ചയും യൂത്ത് കോൺഗ്രസുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇത് നഗരത്തിരക്കിനിടയിൽ സംഘർഷത്തിനിടയാക്കി.

ഇന്നലെ ബാറുകളിലും ബിവറേജുകളിലും പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. ബാറുകളിലെ ക്യൂ പലയിടത്തും റോഡിലേയ്‌ക്കു നീണ്ടു. പൊലീസ് എത്തിയാണ് മദ്യപ്രേമികളെ നിയന്ത്രിച്ചത്.

ഓണാഘോഷങ്ങൾക്കിടെ അക്രമം ഉണ്ടാകാതിരിക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഷാഡോ, പട്രോളിംഗ് ടീമുകൾ രംഗത്തിറങ്ങി. വാഹന പരിശോധനയും ശക്തമാക്കി.