ചങ്ങനാശേരി: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷൻ. പക്ഷേ പറഞ്ഞിട്ട് എന്തുകാര്യം... സന്ധ്യമയങ്ങിയാൽ വെട്ടവുമില്ല വെളിച്ചവുമില്ല. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്കണഞ്ഞിട്ട് മാസങ്ങൾ പിന്നിടുകയാണ്. രാത്രികാലങ്ങളിൽ നഗരം കൂരിരുട്ടിലായതോടെ അപകട സാധ്യതയുമേറി. ഹൈമാസ്റ്റ് വിളക്കണഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ഈ ജംഗ്ഷനിൽ ലഭിക്കുന്നത്. വെളിച്ചമില്ലാത്തതുമൂലം രാത്രികാലങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരും ഏറെ ബുദ്ധമുട്ടാണ് നേരിടുന്നത്. വിളക്ക് തെളിക്കാൻ നഗരസഭാധികാരികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പക്ഷേ ഒരു നടപടിയുമുണ്ടായില്ല. ചങ്ങനാശേരി വാഴൂർ, ചങ്ങനാശേരി ബൈപാസ് എന്നീ റോഡുകൾ സംഗമിക്കുന്ന റെയിൽവേ ബൈപാസ് ജംഗ്ഷനിലാകട്ടെ സിഗ്‌നൽ തകരാറിലായിട്ട് ആഴ്ച്ചകഴിഞ്ഞു. ഇതുമൂലം ജംഗ്ഷനിലെ ഗതാഗത നിയന്ത്രണവും അവതാളത്തിലായി.

വലിയ വെല്ലുവിളി

ഓണതിരക്ക് കൂടിയായതോടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. സിഗ്‌നൽ തകരാർ പരിഹരിക്കേണ്ട പൊതുമരാമത്തു വകുപ്പ് ഇത് പരിഹരിക്കാൻനടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.