കട്ടപ്പന: പൊലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. സമരത്തിൽ ഒപ്പം പങ്കെടുത്തവരുടെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ജാമ്യം നൽകി കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സ കേന്ദ്രത്തിലേക്കു മാറ്റി. രോഗബാധിതനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ മൂന്നു സി.പി.ഒമാരും പൊലീസ് ഡ്രൈവറും സമ്പർക്കമുണ്ടായ ഹോം ഗാർഡും നിരീക്ഷണത്തിൽ പ്രവേശിച്ചു. അറസ്റ്റിലായ മറ്റു മൂന്നുപേർ മുട്ടത്തെ കൊവിഡ് പരിശോധന കേന്ദ്രത്തിലാണ്. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു. ഡീൻ കുര്യാക്കോസ് എം.പി. പൊലീസ് സ്റ്റേഷനിലെത്തിയും സന്ദർശിച്ചിരുന്നു.