ഏഴാച്ചേരി: കൊവിഡിന്റെ നിയന്ത്രണങ്ങൾക്കിടയിലും ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഓണപ്പുടവ സമർപ്പണ അനുഷ്ഠാനം ഉത്രാട നാൾ സന്ധ്യയിൽ തടസമില്ലാതെ നടന്നു. ഓണനാളിൽ ഭക്തർ കാവിൻ പുറത്തെ ഉമാമഹേശ്വരന്മാർക്കും ഉപദേവതകൾക്കും ഓണക്കോടിയായി പുതുപുത്തൻപുടവ സമർപ്പിക്കുന്ന അനുഷ്ഠാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നലെ പത്തോളം പേർ പല സമയങ്ങളിലായി ഓണപ്പുടവ സമർപ്പിച്ചു. ഇന്ന് രാവിലെ 7 മുതൽ 9 വരെ വ്യത്യസ്ത സമയങ്ങളിലായി ഓണപ്പുടവ സമർപ്പിക്കാൻ ഭക്തർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കാവിൻപുറം ദേവസ്വം അധികൃതർ പറഞ്ഞു.

ഉത്രാട സന്ധ്യയിൽ ദേവസ്വം പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായരിൽ നിന്ന് കാവിൻപുറം മേൽശാന്തി മോഹന കൃഷ്ണൻ പോറ്റി ഈ ഓണക്കാലത്തെ ആദ്യ പുടവ ഏറ്റുവാങ്ങി. വിശേഷാൽ ദീപാരാധന നടന്നു. ഇന്ന് രാവിലെ 7 മുതൽ നിയന്ത്രണങ്ങളോടെ ഓണപ്പുടവ സമർപ്പണവും തുടർന്ന് ഓണപ്പായസ വിതരണവുമുണ്ട്.


ഫോട്ടോ അടിക്കുറിപ്പ്


ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഉത്രാട സന്ധ്യയിൽ ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ മേൽശാന്തി മോഹന കൃഷ്ണൻ പോറ്റിക്ക് ഓണപ്പുടവ സമർപ്പിക്കുന്നു.