visa-ind-chn

ന്യൂഡൽഹി: ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സൈനിക സംഘർഷങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലെ തകർന്ന നയതന്ത്ര ബന്ധം ഇതുവരെ പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൈനയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്ന ചിലരുടെ വിസ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വസ്‌തുക്കളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്ന എന്ന വാർത്ത പുതുതായി വരികയാണ്.

വിവിധ ചൈനീസ് കമ്പനികളുടെ ബിസിനസ്, നിയമ, ഉപദേശക സ്ഥാനത്ത് ഉന്നതജോലി ചെയ്യുന്നവരുടെ വിസയാണ് ഇത്തരത്തിൽ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഇവരുടെ വിസയ്‌ക്ക് മുൻകൂട്ടി കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി വാങ്ങേണം. വിവിധ രാജ്യങ്ങളിൽ അവിടെയുള‌ള താൽപര്യത്തിനനുസരിച്ച് വ്യാപാര ബന്ധങ്ങൾക്കായി ചൈന ഇത്തരത്തിൽ ആളുകളെ നിയമിച്ചിട്ടുണ്ട്. ഇവർ മ‌റ്റ് രാജ്യങ്ങളുടെ നയപരമായ തീരുമാനം എടുക്കുന്നവരെ സ്വാധീനിക്കുന്നതായും അത്തരത്തിൽ ചാരപ്രവൃത്തി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനിലേക്ക് വിസയ്‌ക്കായി അപേക്ഷിക്കുന്നവർക്കുള‌ളതുപോലെ പ്രയാസകരമാകും ഇനി ഇവർക്കുമുള‌ള വിസ നടപടികൾ. ചൈനയുടെ യഥാർത്ഥ നിയന്ത്രണ രേഖയിലെ കടന്ന് കയ‌റ്റവും തുടർ സംഭവങ്ങളുമാണ് ഇത്തരം നടപടിയ്ക്ക് ഇടയാക്കിയത്. ഇന്ത്യയിലെ വിവിധ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൈനീസ് സ്ഥാപങ്ങളുമായി ഉണ്ടാക്കിയ ബന്ധങ്ങൾ പരിശോധനാ വിധേയമാക്കും. മാൻഡറിൻ ഭാഷാ കോഴ്‌സിനൊഴികെ മ‌റ്റ് കോഴ്‌സുകൾക്കാകും ഇത്തരത്തിൽ പരിശോധന നടത്തുക.

മരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇറക്കുമതിയിൽ ചൈന വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതിൽ കുറവ് വരുത്തുമോ എന്നത് ഇന്ത്യ ആശങ്കയോടെ കാണുന്ന കാര്യമാണ്. ഇത്തരത്തിൽ കുറവ് വന്നാൽ ഇന്ത്യയിൽ മരുന്നുകളുടെ വില വർദ്ധനക്ക് കാരണമാകും. നിലവിൽ ഇന്ത്യയിലെ മരുന്ന് നിർമ്മാതാക്കൾ ആശ്രയിക്കുന്ന ഔഷധ നിർമ്മാണത്തിലെ 65% അസംസ്‌കൃത വസ്‌തുക്കളും ചൈനയിൽ നിന്നാണ് വരുന്നത്. ഇനി പഴയ കാലത്തെത് പോലെ ഇന്ത്യ-ചൈന ഭായി ഭായി അല്ല ഒരുകാലത്തും എന്ന് വ്യക്തമായ സന്ദേശമാണ് പുതിയ നിയന്ത്രണങ്ങളിലൂടെ ഇന്ത്യ നൽകുക.