ആന പിടിച്ചാലിളകാത്ത ആൽമരത്തിന്റെ ചോട്ടിൽ എത്ര ആനന്ദത്തോടെ ചെറിയ പുല്ല് പൂത്തുനിൽക്കുന്നു. ശക്തമായ കാറ്റടിച്ചാൽ വാടുന്ന തൊട്ടാവാടി നിൽക്കുന്നു. ഇതെല്ലാം കാണുന്ന മനുഷ്യൻ താൻ ഒറ്റയ്ക്കായി ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് തെറ്റിദ്ധരിച്ച് ജീവനൊടുക്കുന്നു. പല്ല് പാതിയും പോയി ഒഴിഞ്ഞ മടിശ്ശീല പോലെയായ മോണകാട്ടി സിദ്ധാർത്ഥൻ ചിരിച്ചു. കാര്യം വ്യക്തമായില്ലെങ്കിലും ഒറ്റമുറി വീട്ടിൽ ഒത്തുകൂടിയ കുട്ടികളും ചിരിച്ചു.
സിദ്ധാർത്ഥൻ താൻ ഒറ്റയ്ക്കാണെന്ന് ഒരിക്കലും സമ്മതിക്കില്ല. വലിയ കുടുംബത്തിൽ ഇഷ്ടംപോലെ സ്വത്തും കാശുമുള്ള ആളായിരുന്നു സിദ്ധാർത്ഥനെന്ന് ഒരു കടങ്കഥപോലെ അയൽക്കാർ പറയാറുണ്ട്. ഇപ്പോൾ ഒറ്റമുറിയാണ് വീട്. നാലുചുറ്റിനും പുസ്തകങ്ങളാണ്. അത് വായിക്കാൻ വാങ്ങാനാണ് കുട്ടികൾ അടുത്തുകൂടുന്നത്. മറ്റുള്ളവർ വായിക്കുമ്പോഴാണ് പുസ്തകം ശ്വാസോച്ഛ്വാസം ചെയ്യുന്നത്. വർഷങ്ങളോളം വായിക്കാതെ ഒരു പുസ്തകം വച്ചിരുന്നാൽ അതു മരിച്ചുപോകും. ഓരോ താളിലും ശവത്തിന്റെ ഗന്ധമായിരിക്കും. കൂടുതൽ പേർ വായിച്ച പുസ്തകത്തിൽ ജീവന്റെ ഗന്ധമാണ്. സിദ്ധാർത്ഥന്റെ ഇത്തരം നിഗമനങ്ങൾ കുട്ടികൾക്ക് ഇഷ്ടമാണ്. താൻ എങ്ങനെ ഒറ്റയ്ക്കായി എന്ന കഥ നാട്ടിലാരോടും സിദ്ധാർത്ഥൻ പറഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ആ വൃദ്ധൻ ഒരു പാഴ് ജന്മം. അല്ലെങ്കിൽ സമ്പൂർണ പരാജിതൻ. പക്ഷേ സിദ്ധാർത്ഥന് ആ ഭാവമില്ല. നിഷ്കളങ്കരായ കുട്ടികൾ വരുന്നു. പുസ്തകങ്ങൾ കൊണ്ടുപോകുന്നു. വായിച്ചിട്ട് മടക്കുന്നു.
ഒരു സന്ധ്യയ്ക്കാണ് വീട്ടിൽ വഴക്കിട്ട് ബാലനെന്ന ഹൈസ്കൂൾ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ഒറ്റമുറി വീട്ടിൽ കണ്ണീർതുടച്ചുകൊണ്ട് വരുന്നത്. വായിക്കാനെടുത്തുകൊണ്ടുപോയ പുസ്തകം മടക്കിനൽകാനാണ് വരവ്. അവൻ നാട് വിടുകയാണ്. എവിടെയെങ്കിലും പോയി ജീവിക്കണം. ചിലപ്പോൾ ജീവനൊടുക്കിയെന്നും വരാം. സിദ്ധാർത്ഥൻ പുഞ്ചിരിയോടെ കേട്ടിരുന്നു. ഭാരമുള്ള തടിവെള്ളത്തിൽ താണുപോകും. കനം കുറഞ്ഞ തടികൾ കടൽകടന്നുപോകും. മനസിലെ ഭാരമെല്ലാം എന്റെ ചുമലിലോട്ട് ഇറക്കിവയ്ക്കുക. സിദ്ധാർത്ഥൻ അവന്റെ ശിരസിൽ തലോടി. പിന്നെ അത്താഴത്തിനായി വാങ്ങിവച്ചിരുന്ന രണ്ടുദോശ ഇരുവരുമായി കഴിച്ചു. പുസ്തകങ്ങൾക്കിടയിൽ നിന്ന് ഇഷ്ടപ്പെട്ട ഒരു പുസ്തകമെടുത്ത് ബാലൻ വായന തുടങ്ങി. ഇടയ്ക്കെപ്പോഴോ സിദ്ധാർത്ഥൻ നോക്കുമ്പോഴും അവൻ വായനയുടെ ലഹരിയിൽ. നേരം വെളുക്കുമ്പോൾ ബാലനെ കാണാനില്ല. സിദ്ധാർത്ഥൻ പലതും ചിന്തിച്ചു. അവനായി പ്രാർത്ഥിച്ചു. ഉച്ചയായപ്പോൾ അച്ഛനുമമ്മയ്ക്കുമൊപ്പം ബാലൻ വന്നു. അവന്റെ മുഖം പ്രസന്നമായിരുന്നു. മകനെ കാണാതെ പൊലീസിൽ പരാതി നൽകി. രാത്രി നഗരം മുഴുവൻ പൊലീസ് അരിച്ചുപെറുക്കി. കണ്ണീരും കൈയുമായി ഇരിക്കുമ്പോഴാണ് ബാലന്റെ വരവ്. ഒരുദൈവം മടക്കി അയച്ചെന്നും രാത്രി കോവിലിൽ ഉറങ്ങിയെന്നും പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോഴാണ് ഈ ഒറ്റമുറിയിലാണ് ദൈവമെന്ന് പറഞ്ഞ് ഞങ്ങളെയും ഇവിടേക്ക് കൂട്ടിയത്. ബാലന്റെ അച്ഛന്റെ വാക്കുകൾകേട്ട് സിദ്ധാർത്ഥൻ അതിശയിച്ചു നിന്നു. തന്റെ കാലിൽ തൊട്ടുതൊഴുത ബാലനെ പിടിച്ച് എണീപ്പിക്കുമ്പോൾ സിദ്ധാർത്ഥന്റെ കണ്ണുകളും നിറഞ്ഞു.
(ഫോൺ: 9946108220)