spiti-mummy

നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള മൃതദേഹങ്ങളെ സൂക്ഷിച്ച് വച്ച് 'മമ്മി'കളുണ്ടാക്കി ആരാധിക്കുന്നത് ഈജിപ്തുകാരുടെ മാത്രം പതിവാണെന്ന് കരുതുന്നവരാണേറെയും. എന്നാൽ ഇന്ത്യയിലും ഉണ്ട് ഒരു മമ്മി!. അതും ബുദ്ധ സന്യാസിയുടേത്.

ഹിമാചൽ പ്രദേശിലെ സ്പിറ്റി താഴ്വരയിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങൾക്കാണ് സ്വന്തമായി 'മമ്മി' ദൈവമുള്ളത്. 500 വർഷത്തോളം പഴക്കമുള്ള 'സങ്ക ടെൻസിൻ' ബുദ്ധ സന്യാസിയുടെ മൃത ശരീരത്തെയാണ് ജനങ്ങൾ ആരാധിക്കുന്നത്. ഗ്രാമവാസികളെ എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നത് ഈ മൃത ശരീരമാണെന്നാണ് അവരുടെ വിശ്വാസം. ഇന്ത്യ - ചൈന അതിർത്തിയിലാണ് ഗ്യൂ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ മുൻകൂട്ടി അനുവാദം വാങ്ങി ഈ മമ്മി കാണുന്നതിന് മാത്രമായി ധാരാളം സഞ്ചാരികൾ ഇവിടെയെത്തുന്നു.

സാധാരണയായി ഈ നാട്ടിൽ ഒരാൾ മരണമടഞ്ഞാൽ ദഹിപ്പിക്കുകയോ മണ്ണിൽ മറവ് ചെയ്യുകയോ ആണ് പതിവ്, മമ്മിഫൈ ചെയ്തു സൂക്ഷിക്കാറില്ല . അതിനാലാണ് ഹിമാലയത്തിലെ സ്പിറ്റി താഴ്വരയിലെ ഗ്യൂ ഗ്രാമത്തിൽ നിന്നു കണ്ടെടുത്ത മമ്മിക്ക് വളരെയേറേ പ്രാധാന്യം ലഭിച്ചത്. കുത്തിയിരിക്കുന്ന രൂപത്തിൽ കണ്ടെടുത്ത മമ്മി എങ്ങനെ ഇവിടെ വന്നു എന്നത് ഏറെ ചർച്ചയായിരുന്നു.

'ലാമ" എന്നാണ് പ്രദേശവാസികൾ ഈ മമ്മിയെ വിളിക്കുന്നത്. കയ്യിൽ ജപമാലയുമായി ഇരിക്കുന്ന രൂപത്തിലാണ് മമ്മി. പുതുതായി വന്ന മുടിയും വളരുന്ന കൈ നഖങ്ങളും ഉള്ള ഈ മമ്മിക്ക് ജീവനുണ്ടെന്നും അഗാധമായ ധ്യാനത്തിലാണ് സന്യാസിയെന്നുമാണ് ആണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

ഭൂമികുലുക്കത്തിൽ പ്രത്യക്ഷപ്പെട്ടത്

1975ൽ ഒരു ഭൂമി കുലുക്കം ഉണ്ടായതിനെ തുടർന്നാണ് ട്രാൻസ് ഹിമാലയൻ ഗ്രാമങ്ങളിൽ ഗ്യൂ ഗ്രാമം വേറിട്ടു വന്നത്. ശക്തമായ ഭൂമികുലുക്കത്തെ തുടർന്ന് ഗ്രാമത്തിലെ മണ്ണ് പിളർന്നപ്പോഴാണ് 500 വർഷത്തോളം പഴക്കം ചെന്ന മൃതദേഹം ഭൂമിക്കടിയിലെ ഗുഹയിൽ നിന്ന് പുറത്തേക്ക് വന്നതെന്നാണ് കരുതുന്നത്. 2004ലാണ് മൃതദേഹം മണ്ണിനടിയിൽ നിന്ന് കുഴിച്ച് പുറത്തേക്കെടുത്തത്. ആയിടയ്ക്ക് മരിച്ച ആരോ ആണെന്നാണ് കരുതിയത്. കാരണം മഞ്ഞിനടിയിൽ നിന്ന് പ്രത്യക്ഷപ്പെട്ട മൃതദേഹത്തിന് തീരെ പഴക്കം തോന്നിയിരുന്നില്ല. എന്നാൽ ശാസ്ത്രീയ പരിശോധനയിലാണ് മൃതദേഹത്തിന് 500 വർഷം പഴക്കമുണ്ടെന്ന് തെളിഞ്ഞത്. ഭൂമികുലുക്കത്തിൽ നിന്നും ഗ്രാമത്തെ രക്ഷിച്ചത് മമ്മിയുടെ ശക്തിയാണ് എന്ന് ഗ്രാമവാസികൾ വിശ്വസിച്ചു. അവർ മൃതദേഹത്തിന് ആരാധനാലയം പണിത് പൂജിക്കാനും തുടങ്ങി.

വിശ്വാസങ്ങളേറെ

ഒരുകാലത്ത് ഗ്രാമത്തിൽ പ്ലേഗ് പടർന്ന് പിടിച്ചപ്പോൾ ഗ്രാമീണരെ മഹാമാരിയിൽ നിന്നു രക്ഷിച്ചത് സങ്കാ ടെൻസിൻ ആണെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്. അദ്ദേഹം മരണപ്പെട്ടപ്പോൾ ആകാശത്ത് ഒരു മഴവില്ല് ഉണ്ടായെന്നും അതിന്റെ ശക്തിയാൽ പ്ലേഗ് ഇല്ലാതായെന്നും പറയപ്പെടുന്നു. മരണശേഷവും സന്യാസിയുടെ ദിവ്യ ചൈതന്യം ഗ്രാമത്തെ സംരക്ഷിച്ചു വരുന്നതായി ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഒരിക്കൽ ഗ്രാമത്തിൽ തേളുകളുടെ ആക്രമണം ഉണ്ടായെന്നും അതിൽ നിന്ന് നാടിനെ രക്ഷിക്കാൻ സങ്ക ടെൻസിൻ സ്വന്തം ജീവിതം ത്യജിച്ചെന്നും മറ്റൊരു വിശ്വാസവുമുണ്ട്. എന്തായാലും ഗ്രാമത്തിന്റെ രക്ഷകനായ സന്യാസിയെ 'ജീവിക്കുന്ന ബുദ്ധൻ' എന്ന പേരിൽ ഗ്രാമവാസികൾ ആരാധിച്ചു തുടങ്ങി.

അഴുകാത്ത 'അത്ഭുത ശരീരം'

സാധാരണ രാസ വസ്തുക്കൾ ഉപയോഗിച്ച് പ്രത്യേക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങളാണ് 'മമ്മികൾ'. ശരീരം അഴുകാതെ കാലങ്ങളോളം കാത്തുവയ്ക്കുന്നത് ഈ രാസവസ്തുക്കളുടെ സാന്നിദ്ധ്യമാണ്. എന്നാൽ സങ്ക ടെൻസിന്റെ മൃതദേഹം സംരക്ഷിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഈജിപ്തിലെ മമ്മികളെ പോലെ ശരീരം മുഴുവൻ മൂടിയ ആവരണവുമില്ല. ഇരിക്കുന്ന രൂപത്തിലാണ് മമ്മിയുള്ളത്. എന്നിട്ടും ഈ മൃതദേഹം എങ്ങനെ ഇത്രകാലം അഴുകാതെ നിലനിന്നു എന്നത് ശാസ്ത്രലോകത്തിന് പോലും അത്ഭുതമുണർത്തുന്നു. ഇതുവരെ ശരീരത്തിനോ, പല്ലിനോ, മുടിക്കോ കേടുപാടുകളില്ല. ഒരുപക്ഷേ, ഹിമാലയത്തിലെ ഈ ഗ്രാമത്തിലെ തണുത്ത കാലവസ്ഥ ആയിരിക്കും മൃതദേഹം അഴുകാതെ നിലനിറുത്തിയതെന്നു ഗവേഷകർ പറയുന്നു . മലമുകളിലായുള്ള ഗ്യൂ ഗ്രാമത്തിലെ ബുദ്ധ വിഹാരത്തിലാണ് മമ്മി ഇപ്പോൾ സൂക്ഷിച്ച് വച്ചിരിക്കുന്നത്. ജീവിക്കുന്ന ദൈവമായാണ് ഇവിടുത്തെ ഗ്രാമീണർ ഈ മമ്മിയെ കണക്കാക്കുന്നത്.

പിന്നിൽ പ്രത്യേക അനുഷ്ഠാനം

ബുദ്ധമതത്തിലെ നിങ്മ വിഭാഗത്തിലെ സന്യാസിമാർ അനുഷ്ഠിക്കുന്ന ഒരു രീതിയുണ്ട്. പ്രായമാകുമ്പോൾ ഭക്ഷണം വളരെ കുറച്ച് ധ്യാനത്തിലിരിക്കും. ക്രമേണ ഭക്ഷണം ഒഴിവാക്കും. അതാനും നാൾ കഴിഞ്ഞ് ജീവൻ വെടിയുമ്പോഴേക്കും ഇവരുടെ ശരീരത്തിലെ കൊഴുപ്പും മറ്റ് ദ്രവങ്ങളും തീരെ ഇല്ലാതായിട്ടുണ്ടാകും. ചുറ്റും വിളക്കുകൾ കൊളുത്തിവച്ച് അതിന് നടുവിലിരുന്ന് ധ്യാനിക്കുന്നതിനാൽ തൊലിയും ഉണങ്ങിയിട്ടുണ്ടാകും. സമാധിയായ സന്യാസിയുടെ ശരീരം മറ്റ് ബുദ്ധഭിക്ഷുകൾ മൂന്നുവർഷക്കാലം ഭൂമിക്കടിയിലെ ഗുഹയിൽ വിളക്കുകൾ കൊളുത്തിവച്ച് സംരക്ഷിക്കും. ഇതും ശരീരത്തെ ജീർണതകളിൽ നിന്ന് സംരക്ഷിക്കുന്നു. സങ്ക ടെൻസിന്റെ മമ്മിയും ഇത്തരത്തിലുള്ള ഒന്നാണെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ സ്വയം ജീവൻ വെടിഞ്ഞ ബുദ്ധഭിക്ഷുക്കളുടെ മമ്മികൾ ജപ്പാനിലും ടിബറ്റിലും കണ്ടെത്തിയിട്ടുണ്ട്.