തെയ്യം കലാകാരനായ ചെറുപഴശ്ശിയിലെ രാമപെരുവണ്ണാന്റെ മകനായ കുഞ്ഞിരാമ പെരുവണ്ണാന് 67 വയസുണ്ട്. തെയ്യം കലയുമായി ആറുപതിറ്റാണ്ടോളം നീണ്ട ആത്മബന്ധമുണ്ട് ഈ കലാകാരന്. ആ കഴിവിനുള്ള സ്നേഹാദരമായിരുന്നു ഫോക്ലോർ അക്കാഡമിയുടെ നാടൻ കലാ പുരസ്കാരം ഈ തെയ്യം കലാകാരനെ തേടിയെത്തിയത്. വ്യത്യസ്തമായ ചരിത്രവും പാരമ്പര്യവും വൈവിദ്ധ്യവുമുള്ള മുപ്പതോളം തെയ്യക്കോലങ്ങളാണ് ഈ കലാകാരൻ കെട്ടിയാടിയത്. മയ്യിൽ ഹൈസ്കൂളിൽ ആറാം ക്ലാസിന്റെ തുടക്കത്തിൽ പഠനം അവസാനിപ്പിച്ചു. എട്ടു വയസുമുതൽ ആടി കെട്ടിയാണ് കലാജീവിതത്തിന്റെ തുടക്കം. പത്തു വയസിനിടെ നാട്ടിലും മുട്ടന്നൂരും മുല്ലക്കൊടിയിലും ദൂരദിക്കുകളിലും ഉൾപ്പെടെ ആടിയായി.
ചേലോറ താഴെവയലിൽ മീശ മുളയ്ക്കാത്ത പയ്യനായിരിക്കെ പുതിയ ഭഗവതി കെട്ടിയാടിയാണ് തെയ്യം കലാകാരനായുള്ള തുടക്കം. അച്ഛൻ കെട്ടിയാടാറുള്ള തെയ്യം ഒരു പ്രത്യേക സാഹചര്യത്തിൽ ഏറ്റെടുക്കുകയായിരുന്നു. ചേലോറ താഴെ വയലിലെ തെയ്യം നടക്കുമോ എന്ന് ഉറപ്പില്ലാതിരുന്ന ആ വർഷം ജന്മാരിയായ രാമൻ പെരുവണ്ണാൻ ചെറുപഴശി മുച്ചിലോട്ടുകാവിലെ തിരുമുടി കെട്ടാൻ അടയാളം വാങ്ങി. ഇതിനു ശേഷമാണ് പുതിയോത്തറ തീരുമാനിക്കപ്പെട്ട വിവരം രാമൻപെരുവണ്ണാൻ അറിയുന്നത്. അടുത്തടുത്ത ദിവസമാണ് രണ്ടു തെയ്യങ്ങളും. പുതിയ ഭഗവതി കോഴി അറവൊക്കെയുള്ള രൗദ്ര രൂപിണിയും മുച്ചിലോട്ടമ്മ സാത്വികഭാവമുള്ള തെയ്യവും ആയതിനാൽ വ്രതമാണ് വിഷയമായത്. ഈ സമയത്ത് കുഞ്ഞിരാമൻ തളിപ്പറമ്പ് കൂവോട്ട് താമസിച്ച് വൈദ്യർ നിർദേശിച്ച പ്രകാരം ആട്ടിൻ സൂപ്പൊക്കെ സേവിച്ചുള്ള ചികിത്സയിലായിരുന്നു. വിവരമറിഞ്ഞയുടൻ രാമൻ മരുന്നു സേവ നിർത്തി പുറപ്പെട്ടു. മീശ മുളയ്ക്കാത്ത ചെക്കൻ പുതിയ ഭഗവതി കെട്ടുന്നതിനെച്ചൊല്ലി തെയ്യക്കണ്ടത്തിലുണ്ടായ വാഗ്വാദങ്ങളെയും തർക്കങ്ങളെയും അതിജീവിച്ച് രാമൻ കെട്ടിയ പുതിയ ഭഗവതി അതിഗംഭീരമായിരുന്നു. കുഞ്ഞിരാമൻ എന്ന തെയ്യക്കാരന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. പിന്നീട് അമ്പത് വർഷം ചേലോറ താഴെ വയലിൽ കുഞ്ഞിരാമ പെരുവണ്ണാൻ പുതിയ ഭഗവതി കെട്ടിയാടി. 35 വർഷം മുമ്പ് നമ്പ്രം മുച്ചിലോട്ടുകാവിൽ വച്ചാണ്കുഞ്ഞിരാമൻ ആദ്യമായി തിരുമുടി തലയിലേറ്റിയത്. ഇവിടെ വെച്ചാണ് വള നൽകി പെരുവണ്ണാനാക്കിയത്. മയ്യിൽ തലക്കോട്ട്, കല്യാട്, പെരളശേരി, പരിപ്പായി, ചൂളിയാട് എന്നിവിടങ്ങളിൽ മുച്ചിലോട്ട് ഭഗവതി കെട്ടിയിട്ടുണ്ട്. ഒരേ ക്ഷേത്രത്തിൽ ഒരേ തെയ്യം ഏറ്റവും കൂടുതൽ കെട്ടിയാടിയ ബഹുമതിയും കുഞ്ഞിരാമ പെരുവണ്ണാനുണ്ട്. ചൂളിയാട് മുച്ചിലോട്ടുകാവിൽ ഇരുപത് തവണയിലധികം കുഞ്ഞിരാമ പെരുവണ്ണാൻ തിരുമുടിയേറ്റിയിട്ടുണ്ട്.
പന്ത്രണ്ടു വയസു മുതൽ വെള്ളാട്ടവും പതിമൂന്ന് വയസു മുതൽ പുള്ളൂർ കണ്ണൻ, ധർമദൈവം തുടങ്ങിയ തെയ്യങ്ങളും കെട്ടിയിട്ടുണ്ട്. ഇരുപത് വയസാകുമ്പോഴേക്കും എല്ലാ തെയ്യവും കെട്ടാൻ പ്രാപ്തനായ കുഞ്ഞിരാമൻ വിദഗ്ധരായ കലാകാരന്മാരുടെ പട്ടികയുടെ നെറുകയിൽ ഇടം നേടി. ചലനങ്ങളിലെ മനോഹാരിതയും രൗദ്രഭാവവും നൃത്തഭംഗിയുള്ള ചുവടുകളും സാഹസികതയുമായിരുന്നു കുഞ്ഞിരാമൻ പെരുവണ്ണാൻ കെട്ടിയാടിയ തെയ്യങ്ങളുടെ പ്രത്യേകത.48 വർഷത്തോളം മുച്ചിലോട്ട് ഭഗവതി കെട്ടിയാടിയ പാരമ്പര്യം ഇദ്ദേഹത്തിനുണ്ട്. ഇത്രയും ദീർഘകാലം മുച്ചിലോട്ട് ഭഗവതി കെട്ടിയാടിയ കലാകാരന്മാർ വിരളമാണ്.
അണിയലങ്ങളുടെ നിർമാണത്തിൽ വിദഗ്ധനായ കുഞ്ഞിരാമപെരുവണ്ണാൻ ഈ രംഗത്ത് ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ്. തെയ്യം കെട്ടലിനൊപ്പം ഉടയാടകൾ കമനീയമായി തുന്നിയെടുക്കുന്നതിലും വിദഗ്ധൻ. മുച്ചിലോട്ടമ്മയുടെ ഉടയാടകളും മുടിച്ചാർത്തുകളും സ്വയം തയ്യാറാകുന്നതാണ് പതിവ്.വീട്ടിലെ അസൗകര്യങ്ങളിലും അണിയലങ്ങളുടെ വലിയ ശേഖരം ഇദ്ദേഹത്തിനുണ്ട്.അച്ഛനിൽ നിന്ന് കേട്ടെഴുതിയ തോറ്റങ്ങളുടെയും വാചാലുകളുടെയും ബൃഹദ് ശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ട്. നോട്ടുബുക്കുകളിൽ സ്വന്തം കൈപ്പടയിൽ പകർത്തിയ ഇവ അമൂല്യമായ ഫോക് ലോർ ശേഖരമാണ്. അനന്തരവൻ ബാലകൃഷ്ണൻ (തളിയിൽ ), മകൻ രാജേഷ് എന്നിവരാണ് ശിഷ്യന്മാർ.
കണ്ണൂർ മയ്യിൽ തായം പൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ ഇദ്ദേഹത്തിനായി ആദരസമ്മേളനം ഒരുക്കിയിരുന്നു. വിവിധ ക്ഷേത്രങ്ങൾ പട്ടും വളയും നൽകി ആദരിച്ചിട്ടുണ്ട്. തെയ്യത്തെക്കുറിച്ച് പഠനം നടത്തുന്ന വിദേശികൾ ഉൾപ്പെടെ കുഞ്ഞിരാമപെരുവണ്ണാനെ കാണാൻ എത്താറുണ്ട്. തെയ്യം കലയിൽ ആറു പതിറ്റാണ്ടോളം പാരമ്പര്യമുള്ള ഈ കലാകാരനെ ആദരിക്കുകയെന്നാൽ ആ പ്രതിഭയോട് നീതി പുലർത്തുക എന്നാണർത്ഥം.
l