പഴയകാല രാഷ്ടീയ പോരാട്ടക്കഥകൾ പറയുകയാണ് വൈക്കം വിശ്വൻ എന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം. സമയം ശ്രദ്ധിക്കാതെ സംസാരിക്കുന്ന വിശ്വനെ ഓർമിപ്പിക്കുവാനെന്നോണം ഭാര്യ പ്രൊഫ. ജി. ഗീതയുടെ വിളി. ''പത്മനാഭൻ നായർ മകൻ വിശ്വനാഥൻ; 80 വയസ്."" പെട്ടെന്ന് വൈക്കം വിശ്വൻ സംസാരം നിറുത്തി, പോക്കറ്റിൽ നിന്നു ഗുളികയെടുത്ത് വായിലിട്ടു. അതിറക്കാൻ ഒരു ഔൺസ് വെള്ളവുമായി ഗീതയെത്തി. പിന്നെ, അദ്ധ്യാപികയുടെ മുന്നിൽ അനുസരണയുള്ള വിദ്യാർത്ഥിയെപ്പോലെ ആ രാഷ്ട്രീയ പോരാളി എഴുന്നേറ്റു നിന്നു. വയറിനോട് ചേർന്നു ഘടിപ്പിച്ചിരിക്കുന്ന ഇൻസുലിൻ പമ്പ് ഏതാനും തവണ പ്രവർത്തിപ്പിച്ചിട്ട് ഗീത മടങ്ങി. അതിനു മുൻപ് എന്നോടായി പറഞ്ഞു. ''കാലും കൈയും ഇടയ്ക്കിടെ അനക്കാൻ ഓർമിപ്പിക്കണം.""
കോട്ടയം ബി.സി.എം കോളജിൽ ഫിസിക്സ് അദ്ധ്യാപികയായിരുന്ന ജി. ഗീത ഭർത്താവിന്റെ ജീവിതത്തിലെ ഓരോ സ്പന്ദനവും അറിഞ്ഞ് പരിചരിക്കുന്നു. കൗമാര, യുവത്വ കാലഘട്ടങ്ങളിൽ രാഷ്ട്രീയ എതിരാളികളും പൊലീസും ഏൽപ്പിച്ച അതിക്രൂരമർദനങ്ങളുടെ ക്ഷതങ്ങൾ ആ ശരീരത്തിൽ ബാക്കിയുണ്ട്. വെള്ളവും ചായയും എല്ലാം ചേർന്ന് ഒരു ദിവസം ഒരു ലിറ്റർ മാത്രമേ കുടിക്കാവൂ. അതുകൊണ്ടാണ് ഗുളികകൾക്കൊപ്പം അളന്നു തന്നെ വെള്ളം നൽകുന്നത്.
ചെരുപ്പ് പോലും ഇല്ലാതെ കേരളം മുഴുവൻ ചുറ്റി നടന്ന് പാർട്ടി പ്രവർത്തനം നടത്തിയ, തന്റെ വാക്ചാതുരിയിൽ സംസ്ഥാനത്തെ യുവാക്കളെയാകെ ഇളക്കിമറിച്ച വൈക്കം വിശ്വന്റെ ജീവിതപങ്കാളിയായി ഗീത എത്തിയത് ആശങ്കകളോടെയായിരുന്നു. തന്നെക്കാൾ 14 വയസ് കൂടുതലുള്ള വിശ്വൻ, വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭാര്യയോടു പറഞ്ഞു. ''ഞാൻ 50-55 വയസിനപ്പുറം ജീവിക്കില്ല."" അതായത് ഗീതയ്ക്ക് 35-40 വയസിൽ ജീവിതപങ്കാളിയെ നഷ്ടപ്പെടുമെന്ന്. ഏതൊരു ഭാര്യയും നടുങ്ങിപ്പോകുന്ന അവസ്ഥ. പക്ഷേ, ഗീത അതൊരു വെല്ലുവിളിയായി എടുത്തു. ഇന്ന് വൈക്കം വിശ്വൻ എൺപതിന്റെ നിറവിൽ നിൽക്കുമ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും ഗീതയ്ക്ക് അർഹതപ്പെട്ടതാണ്. ''ആദ്യമൊക്കെ വിശ്വേട്ടൻ ആയുസിന്റെ കാര്യം പറയുമായിരുന്നു. പിന്നെ, മറന്നു."" ഗീത പറഞ്ഞു.
ഗീതയുടെ മനോധൈര്യത്തിനു പിന്നിലുമുണ്ട് ഒരു കമ്യൂണിസ്റ്റ് പശ്ചാത്തലം. പെരുമ്പാവൂർ പുല്ലുവഴിയാണ് ഗീതയുടെ സ്വദേശം. സ്കൂൾ അദ്ധ്യാപകനായിരുന്ന അച്ഛൻ പി.കെ. ഗോപാലൻ നായർ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. അവരുടെ 'ശ്രീവിലാസം" വീട് സി.പി.എം പ്രവർത്തകർക്ക് ഒളിത്താവളമായിരുന്നു.
ഗീത 1978ൽ ബി.സി.എം കോളേജിൽ താൽക്കാലിക ഒഴിവിൽ അദ്ധ്യാപികയായി. അടുത്ത വർഷം തന്നെ സ്ഥിരം നിയമനവുമായി.1979 ഓഗസ്റ്റ് 20 നായിരുന്നു വിവാഹം. ഗീതയുടെ ബന്ധു ജനാർദനൻ നായർ അന്ന് കോട്ടയം ബസേലിയസ് കോളജിൽ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത്, ദേശാഭിമാനി ലേഖകനായിരുന്ന കെ.എ. പണിക്കർ വഴി വന്ന വിവാഹാലോചനയായിരുന്നു. തുടക്കത്തിൽ രാഷ്ട്രീയക്കാരനെന്ന് ഗീതയ്ക്ക് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ സ്ഥിരംജോലിയുള്ള ആൾ മതിയെന്ന് പറഞ്ഞു. പക്ഷേ, അച്ഛന് പൂർണ സമ്മതമായിരുന്നു. ക്രിസ്ത്യൻ കോളജിൽ ഗീതയുടെ സഹപ്രവർത്തകർ കമ്യൂണിസ്റ്റ് വിരോധം മൂലം ഗീതയെ പിന്തിരിപ്പിക്കുന്നതാണെന്നായിരുന്നു അച്ഛന്റെ വിശ്വാസം. പക്ഷേ, ഗീത ജോലിക്കാരൻ വേണമെന്നു പറഞ്ഞതിനു കാരണമുണ്ട്.
ഗീതയുടെ അച്ഛൻ ശമ്പളം കിട്ടിയാൽ പാവപ്പെട്ട കുട്ടികളെയൊക്കെ സഹായിക്കും. ഒടുവിൽ മകളുടെ ഫീസ് കൊടുക്കാൻ കാശുണ്ടാകില്ല. ഫീസ് കൊടുക്കാത്തവരുടെ പേര് നോട്ടിസ് ബോർഡിൽ വരുമ്പോൾ ജി. ഗീത അതിൽ സ്ഥിരമായുണ്ട്.
''ഈ പാവപ്പെട്ട കുട്ടികൾക്കൊക്കെ സമയത്തിനു ഫീസ് കൊടുക്കാമെങ്കിൽ ഗീതയ്ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?"" അദ്ധ്യാപകർ ചോദിച്ചു.
ഭർത്താവ് രാഷ്ട്രീയക്കാരനായാൽ തന്റെ കുട്ടികൾക്കും ഈ അനുഭവം ഉണ്ടാകുമെന്ന് ഗീത ഭയപ്പെട്ടു. (ഇന്ന് ഗീത അച്ഛന്റെ പേരിൽ പാവപ്പെട്ട കുട്ടികൾക്കായി എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്) ക്ഷേത്രത്തിൽ പോയിട്ടില്ലാത്ത, ക്ഷേത്രാചാരങ്ങൾ അറിയാത്ത ഗീത വൈക്കം വിശ്വന്റെ ഭാര്യയായപ്പോൾ അറിഞ്ഞു, ഭർത്താവിന് ക്ഷേത്രാചാരങ്ങൾ അറിയാം. ബാല്യത്തിൽ അദ്ദേഹം ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുത്തിട്ടുമുണ്ട്. ഭർത്താവിന്റെ ആദർശ ധീരത കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില്ലറ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതും ഗീത ഓർക്കുന്നു.
''നാലാം ക്ലാസ് വരെ പോലും കുട്ടികൾ ഫീസ് കൊടുത്തു പഠിക്കേണ്ടെന്ന് വിശ്വേട്ടനു നിർബന്ധം. ഞാൻ കുട്ടികളെ കോട്ടയത്ത് സ്കൂളിൽ വിട്ട് കോളജിൽ ജോലിക്കു പോയതാണ്. കോളജ് കഴിഞ്ഞ് കുട്ടികളെയും കൂട്ടി മടങ്ങാമായിരുന്നു. പക്ഷേ, ചെറിയ ഫീസ് പോലും വിശ്വേട്ടന്ഇഷ്ടമില്ല. ഒടുവിൽ കുട്ടികളെകുടമാളൂർ സെന്റ് മേരിസ് സ്കൂളിൽ ചേർത്തു. വൈകിട്ട് ഞാൻ ബസ് കയറി സ്കൂളിൽ എത്തുമ്പോൾ മറ്റു കുട്ടികളെല്ലാം പോയിരിക്കും. മഴക്കാലത്ത് കുട്ടികൾ (നവീനും നിഷയും) പേടിച്ചു നിൽക്കുകയായിരിക്കും. നാലാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്.""
കോട്ടയം കുടയംപടിയിൽ വീടുവയ്ക്കാൻ ബാങ്ക് വായ്പയെടുത്തപ്പോഴാണ് ശരിക്കും സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞത്.
''അധിക വരുമാനത്തിന് തയ്യൽ തുടങ്ങി. കോളജിൽ സഹപ്രവർത്തകരുടെയും അവരുടെ കുട്ടികളുടെയുമൊക്കെ വസ്ത്രങ്ങൾ തുന്നിക്കൊടുത്തു.""
''ഞാൻ അറിഞ്ഞിരുന്നില്ലല്ലോ...""
വിശ്വൻ പറഞ്ഞപ്പോൾ ഗീതയുടെ മറുപടി വൈകിയില്ല.
''അന്നൊക്കെ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടോ?""
2003 ൽ ഗീതാ ഭവന്റെ പാലുകാച്ചൽ നടന്ന ദിവസം രാത്രി വീട്ടിൽ കഴിയണമെന്നു പറഞ്ഞത് കേൾക്കാതെ വൈക്കം വിശ്വൻ പാർട്ടി പരിപാടിക്ക് പോയി. തിരുവനന്തപുരത്തും ഇടുക്കിയിലും പോയി വന്നപ്പോൾ സ്ട്രോക്ക്, ആശുപത്രിയിലായി. ഒന്നര ആഴ്ച കഴിഞ്ഞാണ് പുതിയ വീട്ടിൽ ഉറങ്ങിയത്. പാർട്ടി ജില്ലാ സെക്രട്ടറിയും എം.എൽ.എയും ഇടതുമുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമൊക്കെയായി തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിൽ വീട്ടുകാര്യങ്ങളിലും കുട്ടികളുടെ പഠന കാര്യങ്ങളിലും ഭർത്താവിന്റെ ധാർമിക പിന്തുണ മാത്രമാണ് ഗീതയ്ക്കു ലഭിച്ചത്. പക്ഷേ, ഈ പ്രാരാബ്ധങ്ങൾക്കിടയിലും ഗീത പഠനം തുടർന്നു; ഗീതയിലെ ചിത്രകാരിയും വിശ്രമിച്ചില്ല. ഫിസിക്സിന് പുറമേ മാത്സിലും ബിരുദാനന്ത ബിരുദം എടുത്തു. പിന്നെ, എം.എ സോഷ്യോളജി, എം.സി.എ, കംപ്യൂട്ടർ സയൻസിൽ എം.ഫിൽ.
എറണാകുളം ഡോൺ ബോസ്കോയിൽ എം.സി.എയ്ക്കു ചേരാൻ മകൾ നിഷയുമൊത്താണ് പോയത്. നിഷയ്ക്ക് അമ്മ കൂട്ടെത്തിയതെന്നാണ് മറ്റു കുട്ടികൾ കരുതിയത്. തമിഴ്നാട് കാരേക്കുടിയിൽ അളഗപ്പ സർവകലാശാലയിൽ എം.ഫില്ലിന് ഇടയ്ക്ക് കോണ്ടാക്ട് ക്ലാസിനു പോയപ്പോൾ വൈക്കം വിശ്വനും കൂട്ടുണ്ടായിരുന്നു. എം.എ. ബിരുദധാരിയായ വിശ്വൻ കുറച്ചുനാൾ സ്കൂൾ അദ്ധ്യാപകനായിരുന്നു. ഗീത ഡോക്ടറേറ്റ് എടുക്കാൻ ആഗ്രഹിച്ചെങ്കിലും ഗവേഷണ കാലത്ത് ശമ്പളം മുടങ്ങുമെന്ന് കണ്ട് പിൻ വാങ്ങി. എൽ.എൽ.ബിക്ക് ചേരാൻ ഒരുങ്ങിയപ്പോഴാകട്ടെ മകൾ പിന്തിരിപ്പിച്ചു. ഒന്നുകിൽ അമ്മ; അല്ലെങ്കിൽ ഞാൻ, രണ്ടിലൊരാൾ എൽ.എൽ.ബി എടുത്താൽ മതിയെന്നായിരുന്നു മകളുടെ നിലപാട്. ഇപ്പോൾ പഠനമൊക്കെ നിർത്തി ചിത്രകലയിൽ ശ്രദ്ധിക്കുകയാണ് പ്രൊഫ. ഗീത. ചില പാചക പരീക്ഷണങ്ങളും നടത്തുന്നു. ശർക്കരയിട്ട് സേമിയാ പായസം വച്ചാൽ വിശ്വേട്ടനും അല്പം കഴിക്കാമെന്ന് ഗീത.
ഭക്ഷണകാര്യത്തിൽ വൈക്കം വിശ്വൻ ഭാര്യയെ അക്ഷരം പ്രതി അനുസരിക്കും. ജന്മദിനത്തിന് പാർട്ടി പ്രവർത്തകർ കൊണ്ടുവന്ന കേക്ക് മുറിച്ചപ്പോൾ വിശ്വൻ ഒരു നിമിഷം ഭാര്യയെ നോക്കി... ഇന്നൊരു ദിവസത്തേക്ക് ചെറിയൊരു കഷണം കേൾക്കാകാമെന്ന് ഗീത. വിശ്വന് 80 തികഞ്ഞപ്പോൾ പിറന്നാൾ ആശംസ നേരാൻ വിളിച്ച പിണറായി വിജയൻ പറഞ്ഞു.
''പത്രത്തിൽ വന്നതോടെ പ്രായം നാട്ടുകാർ അറിഞ്ഞു അല്ലേ?""
ഇതു കേട്ട ഗീത ഭർത്താവിനോട് പറഞ്ഞു.
''എനിക്ക് പ്രായം അത്രയില്ലെന്ന് പറഞ്ഞേക്കണം.""
ഇപ്പോൾ പാർട്ടി ചടങ്ങുകൾക്ക് വൈക്കം വിശ്വൻ കോട്ടയം വിട്ടു പോകുമ്പോഴൊക്കെ ഗീത കൂടെപ്പോകും. ഈയിടെ ഒരു തിരുവനന്തപുരം യാത്രയിൽ പോകാനൊത്തില്ല. എല്ലാം, സന്തത സഹചാരി തിലകനെ ഏൽപിച്ചു.
''വഴിക്ക് നല്ല ഭക്ഷണമൊക്കെ കഴിക്കണമെന്ന് പറഞ്ഞ് രണ്ടായിരം രൂപ കൊടുത്തുവിട്ടതാണ്. രണ്ടും കൂടി ഏതോ സാധാരണ വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഊണു കഴിച്ചു.""
ഗീത പരിഭവം മറച്ചുവച്ചില്ല.
കഷ്ടതകൾ ഏറെ അനുഭവിച്ചെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ ഗീതയ്ക്കു പൂർണ സംതൃപ്തിയാണ്. സ്നേഹസമ്പന്നനായ ഭർത്താവ്, മക്കൾ. പിന്നെ, അവധിക്കാലങ്ങളിൽ വീട്ടിൽ ഉത്സവമൊരുക്കുന്ന കൊച്ചുമക്കളുമാകുമ്പോൾ സന്തോഷത്തിന് എന്താണ് കുറവ്.