bevco

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചെങ്കിലും നഗരത്തിൽ മദ്യശാലകൾ ഉടൻ തുറക്കില്ല. നഗരത്തിൽ കൊവിഡ് രോഗം വ്യാപിച്ചതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏതാണ്ട് ഒരു മാസമായി നഗരത്തിലെ മദ്യശാലകൾ അടഞ്ഞു കിടക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചപ്പോൾ, കണ്ടെയ്‌ൻമെന്റ് സോണുകൾ അല്ലാത്ത സ്ഥലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ കടകൾക്ക് തുറക്കാൻ അനുമതി കൊടുത്തിരുന്നു. എന്നാൽ, മദ്യശാലകൾ തുറക്കേണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്റെ തീരുമാനം.

ഇളവുകളോടെ നഗരം വീണ്ടും തുറന്നെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും ഇല്ല. ഇപ്പോഴും 20 ഓളം വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണിലാണ്. അതിൽ 10 എണ്ണം രോഗവ്യാപനം കൂടിയ തീരദേശ മേഖലയിലുമാണ്. ഔട്ട്‌ലെറ്റുകൾ തുറക്കാൻ അനുമതി നൽകിയാൽ നിയന്ത്രണങ്ങൾ എല്ലാം മറികടന്ന് കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് പോലും ആൾക്കാർ പൊലീസിന്റെ കണ്ണുവെട്ടിച്ച് മദ്യം വാങ്ങാനായി കൂട്ടത്തോടെ എത്തുമെന്ന ആശങ്കയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ കണ്ടെയ്‌ൻമെന്റ് സോണുകളല്ലാത്ത മേഖലകളിലേക്കും രോഗം പടരാൻ ഇടയാക്കുമെന്നും അധികൃതർ കരുതുന്നു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ പൊലീസും ഈ ആശങ്ക ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല,​ മദ്യശാലകൾക്ക് അനുമതി നൽകിയാൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പൊലീസുകാരെയും നിയോഗിക്കേണ്ടി വരും. ഇത് പൊലീസുകാരുടെ സുരക്ഷയ്ക്കും ഭീഷണിയാകും.

ആവശ്യക്കാർ ഗ്രാമങ്ങളിലേക്ക്

നഗരപരിധിയിൽ ഏതാണ്ട് 12ഓളം ബെവ്കോ ഔട്ട്‌ലെറ്രുകളാണുള്ളത്. ഇവയെല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ മദ്യശാലകൾ തുറക്കാതെ വന്നതിനെ തുടർന്ന് മദ്യപാനികൾ ഗ്രാമപ്രദേശങ്ങളിലെ ഔട്ട്‌ലെറ്റുകളിലേക്ക് ചേക്കേറിയിട്ടുണ്ട്. 25 കിലോമീറ്റർ വരെ അകലെയുള്ള ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ചെന്ന് മദ്യം വാങ്ങിയവരുമുണ്ട്. ഗ്രാമപ്രദേശത്ത് നിന്ന് വരുന്ന സുഹൃത്തുക്കളോട് മദ്യം വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞേൽപിച്ചവരും ഉണ്ട്. മദ്യശാലകൾ തുറക്കാത്തതിനാൽ ബെവ്കോയ്ക്ക് വരുമാനത്തിൽ നല്ല ഇടിവുണ്ടായിട്ടുണ്ട്.