ayodhya-ram-temple

വാഷിംഗ്ടൺ: ആഗസ്റ്റ് 5ന് ഇന്ത്യയിലെ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അങ്ങ് ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ ലൈവായി കാണാം. ടൈം സ്ക്വയറിലെ വലിയ എൽ.ഇ.ഡി സ്ക്രീനുകളിൽ ലൈവായി ചടങ്ങ് സംപ്രേക്ഷണം ചെയ്യും. കൂടാതെ ശ്രീരാമന്റെ ത്രിഡി ചിത്രങ്ങളും നിർമ്മിക്കാൻപോകുന്ന രാമക്ഷേത്രത്തിന്റെ രൂപരേഖയും കൂറ്റൻ ബിൽബോർഡുകളിൽ പ്രദർശിപ്പിക്കും. ഇതോടെ ഇന്ത്യയിൽ നടക്കുന്ന ചരിത്രപരമായ ചടങ്ങ് അമേരിക്കയിലുള്ളവർക്കും തത്സമയം കാണാനും പങ്കെടുക്കാനും കഴിയും.പ്രശസ്തമായ എൽ.ഇ.ഡി ഡിസ്ട്രിബ്യൂട്ടർ നസ്ദാഖ് കമ്പനിയുടെ 17000 അടി ചതുരശ്ര മീറ്റർ നീളമുള്ള ഭീമൻ സ്ക്രീനിലാകും ചടങ്ങുകൾ പ്രദർശിപ്പിക്കുക. ലോകത്തെ പ്രധാന സംഭവങ്ങൾ വലിയ എൽ.ഇ.ഡി സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ടൈം സ്ക്വയറിൽ ഇന്ത്യയിലെ ഒരു ചടങ്ങ് ലൈവായി കാട്ടുന്നത് ആദ്യമായാണ്. അമേരിക്കയിലെ ഇന്ത്യൻ പബ്ളിക് അഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സംപ്രേഷണം സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 5ന് രാവിലെ 8 മുതൽ രാത്രി 10 വരെ ജയ് ശ്രീറാം എന്ന് ഇംഗ്ളീഷിലും ഹിന്ദിയിലും എഴുതിക്കാണിക്കുകയും രാമചരിതം പ്രദർശിപ്പിക്കുകയും ചെയ്യും. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിർവഹിക്കുക. ചടങ്ങിന്റെ ഭാഗമായി മധുരവിതരണവും നടത്തുമെന്ന് അവിടത്തെ ഇന്ത്യൻ പബ്ളിക് അഫയർ കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് സെവാഹ്നി പറഞ്ഞു.