dharmajan

തൃശൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ വലയെറിയുമ്പോൾ, മത്തിയുടെയും അയലയുടെയും ചാകരക്കോള് ഇത്തവണയെങ്കിലും കിട്ടണേയെന്ന പ്രാർത്ഥനയിലാണ് മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ വർഷം ഇവ പതിവിനേക്കാൾ കുറച്ചാണ് കിട്ടിയത്.

കൊവിഡ് കാരണം ‌‌‌5 വരെ കടലിൽ മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും സംസ്ഥാനത്ത് നിരോധനമാണ്. ഇതു മാറി വള്ളമിറക്കുമ്പോൾ വെറും കൈയോടെ മടങ്ങേണ്ടിവന്നാൽ തീരമേഖല കടുത്ത ദുരിതത്തിലാവും.

20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അളവിലാണ് 2019ൽ മത്തി കിട്ടിയത്. അയല മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞു. എം.എഫ്.ആർ.ഐ നടത്തിയ വാർഷിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

2019ൽ 44,320 ടൺ മത്തിയാണ് ലഭിച്ചത്. 2018ൽ ഇത് 77,093 ടൺ ആയിരുന്നു. 2012 മുതൽ മത്തി കുറഞ്ഞു വരികയാണ്. 2018ൽ 80,000 ടൺ അയല കിട്ടിയപ്പോൾ, കഴിഞ്ഞ വർഷം ഇത് 40,554 ടണ്ണിലെത്തി. കഴിഞ്ഞ കൊല്ലം കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് നെത്തോലിയാണ്, 74,194 ടൺ.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മൊത്തം മത്സ്യലഭ്യതയിലും മുൻവർഷത്തെക്കാൾ 15.4 ശതമാനം കുറവുണ്ടായി. എന്നാൽ, രാജ്യത്തെ മൊത്തം സമുദ്ര മത്സ്യ ലഭ്യതയിൽ 2.1 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ഇന്ത്യയിൽ ആകെ ലഭിച്ചത് 35.6 ലക്ഷം ടൺ മത്സ്യമാണ്. ഇതിൽ 21.7 ശതമാനവും തമിഴ്‌നാട്ടിൽ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം.


മത്സ്യം കുറയുന്നത്

 2019ൽ അറബിക്കടലിൽ അസാധരണമായി എട്ട് ചുഴലിക്കാറ്റുകളുണ്ടായി

 2019ൽ കടലിന്റെ ഉപരിതല താപം ഒന്നര മാസം അസാധാരണമാംവിധം ഉയർന്നു

 നഗരമാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളും ഉൾപ്പെടെ കടലിൽ തള്ളുന്നു

 മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന പാരുകൾ പ്ലാസ്റ്റിക് മാലിന്യത്താൽ നിറയുന്നു

 കാർബണിന്റെ അളവ് കൂടിയപ്പോൾ ആഗിരണം ചെയ്യാനുള്ള ജൈവസമ്പത്ത് കുറഞ്ഞു

കടലിൽ പൊതുവെ മീനില്ല. കൊവിഡ് വന്നതോടെ, ഞങ്ങളുടെ ആണുങ്ങൾക്ക് കടലിൽ പോകാനും കഴിയുന്നില്ല. പ്രളയം വന്നപ്പോൾ ഞങ്ങളാണ് രക്ഷകരായത്. അന്ന് അഭിനന്ദിച്ചവരൊന്നും വറുതിയുടെ കാലത്ത് തിരിഞ്ഞു നോക്കുന്നില്ല.

- ഒരു മത്സ്യവില്പനക്കാരിയുടെ സങ്കടം