മനുഷ്യക്കടത്തിനെതിരെ പ്രതികരിച്ച ആദിവാസി പെൺകുട്ടി
6750 കുടിയേറ്റത്തൊഴിലാളികളുടെ രക്ഷകയായി മാനസി
..................
ധൈര്യവും ആത്മവിശ്വാസവും... സ്വന്തം ജീവൻ പോയാലും മറ്റൊരാളുടെ ജീവൻ രക്ഷിക്കണമെന്ന നിശ്ചയദാർഢ്യം. അതു മാത്രമായിരുന്നു അവളുടെ കൈമുതൽ.
ഒഡിഷയിലെ ബലാംഗീർ ജില്ലയിലെ ഒരു പാവം ആദിവാസി പെൺകുട്ടിക്ക്, അതും പത്തൊൻപതുകാരിക്ക് മറ്റെന്തു ബലമുണ്ടാകാനാണ്. എന്നിട്ടും അവൾ പ്രതികരിച്ചു. ശക്തമായി. അതിന് ഫലമുണ്ടായി. തന്റെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും അടക്കം 6750 ഓളം കുടിയേറ്റത്തൊഴിലാളികളെ മനുഷ്യക്കടത്തിന്റെ കറുത്തഗർത്തങ്ങളിൽ നിന്ന് രക്ഷിച്ച്, ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ അവൾക്കായി. ഈ പുലിക്കുട്ടിയുടെ പേര് മാനസി ബരിഹ!. ധീരതയുടെ ഇന്ത്യൻ മുഖം.
കഴിഞ്ഞ ജൂലായ് 30 'ലോക മനുഷ്യക്കടത്ത് വിരുദ്ധ' ദിനമായിരുന്നു. 'മനുഷ്യക്കടത്തിനെതിരെ ആദ്യ പ്രതികരണം നടത്തുന്നവർ' എന്ന തീമിൽ നടന്ന ദിനാചരണത്തിൽ ദേശീയ വനിതാ കമ്മിഷൻ മാനസിയെ മുക്തകണ്ഠം അനുമോദിച്ചതോടെയാണ് ആദിവാസി പെൺകൊടിയുടെ ധൈര്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും സമാനകളില്ലാത്ത കഥ പുറംലോകം അറിഞ്ഞത്.
പണത്തിനായി
ജീവൻ പണയം വച്ചവർ
മുൻകൂർ തുക നൽകി ദരിദ്രരായ പാവങ്ങളെ ഇഷ്ടികചൂളയിലെത്തിക്കുന്ന ഇടനിലക്കാരന്റെ കെണിയിൽ വീണുപോയവരുടെ കഥയാണിത്. ജീവിതത്തിലെ അത്യാവശ്യങ്ങൾ മുതലെടുത്താണ് പാവപ്പെട്ട ആദിവാസികളെയും സാധാരണക്കാരെയും വൻകിട മുതലാളിമാർ ചൂഷണം ചെയ്യുന്നത്. ഇടനിലക്കാർക്കാണ് ഇതിലെ പ്രധാനറോൾ. മനുഷ്യക്കടത്ത് കൊണ്ട് പണം നേടുന്നതും അവരാണ്. നിവൃത്തികേടുകൊണ്ട് കടം വാങ്ങിയ പതിനായിരങ്ങൾക്ക് വേണ്ടി കുടുംബസമേതം അന്യനാട്ടിലെത്തി ചോര നീരാക്കേണ്ടി വരുന്ന ആയിരങ്ങളുടെ ജീവിതമാണ് മാനസി രക്ഷിച്ചത്. അവരുടെ യാതന അവൾക്ക് നന്നായി അറിയാമായിരുന്നു. കാരണം അവളും അച്ഛനും അക്കൂട്ടത്തിലൊരാളായിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ഇടനിലക്കാരനിൽ നിന്ന് മുൻകൂർ കൈപ്പറ്റിയ 28,000 രൂപ ജോലി ചെയ്ത് വീട്ടാനായാണ് ഒഡിഷയിലെ ബാലംഗീർ ജില്ലയിൽ നിന്ന് മാനസി അച്ഛനും ഇളയ സഹോദരിക്കും ഒപ്പം തമിഴ്നാട്ടിലെത്തിയത്. തിരുവള്ളുവർ ജില്ലയിലെ പുതുകുപ്പത്ത് മുനുസാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള ജി.ഡി.എ. ഇഷ്ടിക കമ്പനിയിലായിരുന്നു ജോലി. അമ്മയുടെ ചികിത്സാ ചെലവിനായാണ് പണം വാങ്ങിയത്. അത് ഉതകിയില്ല. പണം ചെലവാക്കിയെങ്കിലും അമ്മ രോഗത്തിന് കീഴടങ്ങി മണ്ണോട് ചേർന്നു. അമ്മയുടെ ചിത അണയും മുൻപേ മാനസിയും കുടുംബവും നാട് വിട്ടു. അദ്ധ്വാനിച്ച് കടം വീട്ടാനായി തമിഴകത്തെ ഇഷ്ടിക ചൂളയിലെത്തി. ഒഡിഷയിലെ ബാലംഗീർ , നൗപാട, കാലാ ഹാണ്ടി ജില്ലകളിൽ നിന്നുള്ള 355 പേരാണ് ജി.ഡി.എമ്മിൽ ജോലി ചെയ്യുന്നുണ്ടായിരുന്നത്. എല്ലാവരും മുൻകൂർ പണം കൈപ്പറ്റി വന്നവർ. വൃത്തികെട്ടതും യാതന നിറഞ്ഞതുമായ തൊഴിൽ സാഹചര്യങ്ങളാണ് അവരെ അവിടെ കാത്തിരുന്നത്. രാവിലെ നാല് മുതൽ 10.30 വരെയും വൈകിട്ട് മുതൽ രാത്രി 10.30 വരെയും കഠിനമായ ജോലി. ചെലവിനായി ആഴ്ചയിൽ 250 രൂപ അനുവദിക്കും. അതായത് ദിവസം മുപ്പത് രൂപയിൽ താഴെ. കരാർ പ്രകാരമുള്ള നിശ്ചിത എണ്ണം ഇഷ്ടികകളുടെ നിർമ്മാണം പൂർത്തിയാകും വരെ കമ്പനിയിൽ തുടരണം. കഠിനമായി ജോലി ചെയ്യണം എന്നതാണ് വ്യവസ്ഥ.
വില്ലനായി കൊവിഡ്
അമ്മയുടെ ചികിത്സയ്ക്ക് വാങ്ങിയ തുക വീട്ടാനായി മാനസിയും കൊച്ചനുജത്തിയും അച്ഛനും ചോരനീരാക്കി ജോലി ചെയ്തു. ഊണോ ഉറക്കമോ പോലുമില്ലാതെ. ആറുമാസം കഴിഞ്ഞതോടെ കൊവിഡ് മഹാമാരിയെത്തി. രോഗവ്യാപനം രൂക്ഷമായതോടെ സർക്കാരുകൾ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ട്രെയിൻ അനുവദിച്ച വിവരമറിഞ്ഞ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി മാനസിയും സഹത്തൊഴിലാളികളും ഉടമയെ സമീപിച്ചു. കരാർ പ്രകാരമുള്ള ജോലി പൂർത്തിയാക്കിയാൽ നാട്ടിലേക്ക് പോകാൻ അനുവദിക്കാമെന്ന് മുനുസാമി ഉറപ്പുനൽകി. അങ്ങനെ രാവും പകലും കഠിനമായി വിയർപ്പൊഴുക്കി ഒരാഴ്ച കൊണ്ട് അവർ ഇഷ്ടിക നിർമ്മാണം പൂർത്തിയാക്കി. പക്ഷേ, യാത്രാനുമതിക്കായി ഉടമയെ സമീപിച്ചപ്പോൾ അയാൾ വാക്കു മാറി. പോകാൻ അനുവദിക്കില്ലെന്നും ജോലി തുടരണമെന്നുമായി ഉടമയുടെ നിലപാട്. രോഗഭീതിയും ഉറ്റവരെ കാണാനുള്ള ആഗ്രഹവും അടക്കാനാകാത്ത നിലയിലായിരുന്നു മിക്കവരും. വീണ്ടും രണ്ടാഴ്ചയോളം ദിവസവും 12 മണിക്കൂർ വീതം ജോലി ചെയ്യേണ്ടി വന്നു. വിസമ്മതിച്ചവരെ അവർ താമസിക്കുന്ന താത്കാലിക ഷെഡ്ഡുകളിൽ നിന്ന് വലിച്ചിറക്കി ബലമായി ജോലി ചെയ്യിച്ചു. ഒടുവിൽ, മേയ് 18 ന് പ്രതിഷേധം പ്രകടിപ്പിക്കുകയും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്ത തൊഴിലാളികളെ ആശീർവാദം എന്ന സൂപ്പർവൈസറുടെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വടികളും മറ്റ് ആയുധങ്ങളുമായി സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തല്ലിച്ചതച്ചു. നിരവധി പേർക്ക് തലയ്ക്കും നട്ടെല്ലിനും ഉൾപ്പെടെ സാരമായി പരിക്കേറ്റു. ഇതിനിടെ മാനസി അക്രമികളുടെ കണ്ണിൽ പെടാതെ സുരക്ഷിതമായ ഒരിടം കണ്ടെത്തി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും അധികൃതരയെും മറ്റും എസ്.എം.എസ് വഴി വിവരം അറിയിച്ചു. ഭീകരമായ മർദ്ദനത്തിന്റെയും സഹായത്തിനായി അലമുറയിടുന്ന തൊഴിലാളികളുടെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ കത്തിപ്പടർന്നു. മാനസിയുടെ ബന്ധുക്കളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരുവള്ളൂർ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. കമ്പനി ഉടമ മുനുസാമി ഒളിവിൽ പോയെങ്കിലും കൂട്ടാളികളിൽ ചിലർ പിടിയിലായി.
ജില്ലാ ഭരണകൂടവും തമിഴ്നാട് സർക്കാരും ദേശീയ മനുഷ്യവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവരും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും വിഷയത്തിലിടപെട്ടു. തമിഴ്നാട്ടിലെ ഇഷ്ടിക കളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്തും, തൊഴിൽ ചൂഷണവും വാർത്തകളിൽ നിറഞ്ഞു.
രക്ഷകരെത്തുന്നു
മാനസിയേയും അവൾക്കൊപ്പം ജോലിചെയ്തിരുന്ന 355 പേരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായി. ഒപ്പം തിരുവള്ളൂരിലെ 30 ഓളം ഇഷ്ടികകളങ്ങളിൽ സമാനമായ സാഹചര്യത്തിൽ ജോലി ചെയ്തിരുന്ന 6500ഓളം കടത്തപ്പെട്ട തൊഴിലാളികളെയും സർക്കാർ രക്ഷിച്ച് സ്പെഷ്യൽ ട്രെയിനുകൾ വഴിയും 150 ഓളം ബസുകളിൽ കയറ്റിയും നാട്ടിലെത്തിച്ചു. ഒഡിഷ, ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഏറെയും.
മാനസി നല്കിയ മോചനം
നീനുതോമസ്,
ഡയറക്ടർ ഒഡിഷ പ്രൊജക്ട്സ്,
ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ
മാനസിയുടെ ധൈര്യം രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളെയാണ്. ഒരു രൂപ പ്രതിഫലമില്ലാതെ ഇഷ്ടികചൂളയിൽ അഹോരാത്രം പണിയെടുക്കുകയായിരുന്നു അവർ. മനുഷ്യരാണെന്ന പരിഗണനപോലും അവർക്ക് ലഭിച്ചിരുന്നില്ല. നിസാര തുകയ്ക്കു വേണ്ടി ജീവിതം പണയം വച്ചവർ. മാനസി അവർക്ക് മോചനം സാദ്ധ്യമാക്കി. മനുഷ്യക്കടത്തിനെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.