തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശത്ത് കൊവിഡ് വേഗത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗബാധ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ തീരദേശ ആരോഗ്യ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഒമ്പത് ജില്ലകളിലായി 222 മത്സ്യബന്ധന ഗ്രാമങ്ങളിലായാണ് പദ്ധതി. ജില്ലാ കളക്ടർമാർ ആയിരിക്കും ബോർഡിന്റെ അദ്ധ്യക്ഷൻ. തീരപ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം.
കൊവിഡ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ തീരപ്രദേശങ്ങളിൽ പ്രതീക്ഷിക്കാത്ത രീതിയിലാണ് രോഗം പടർന്നത്. പൂന്തുറയിൽ വലിയൊരു ക്ളസ്‌റ്റർ രൂപപ്പെട്ടതാണ് രോഗബാധ രൂക്ഷമാകാൻ ഇടയാക്കിയത്. സംസ്ഥാനത്ത് ഉണ്ടായ മറ്റൊരു ക്ലസ്‌റ്റർ പൊന്നാനിയിൽ ആയിരുന്നു. അവിടെ ഇപ്പോൾ രോഗബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ സമ്പർക്കവ്യാപന തോത് 94.4 ശതമാനമാണ്. ഉറവിടമറിയാത്ത കേസുകൾ വേറെയും. ഇതിലെല്ലാമുള്ള ക്രമാനുഗതമായ വർദ്ധന സർക്കാരിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. തീരമേഖലകളിലെ ഉയർന്ന ജനസാന്ദ്രതയും വലിയൊരു ഘടകമാണ്.
സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തീരപ്രദേശങ്ങളിൽ മതിയായ ആരോഗ്യ സൗകര്യങ്ങൾ കുറവാണ്. അതിനാൽ അതീവ ശ്രദ്ധ വേണ്ട മേഖലയാണ് തീരദേശം. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡും സമൂഹ വ്യാപനവുമുണ്ടായി. അതിനാൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കൊപ്പം ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിക്കും.
ക്ളസ്‌റ്റകളിൽ നിന്നുള്ള രോഗവ്യാപനം തടയും
സർക്കാരിന് മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി ക്ളസ്റ്ററുകളിൽ നിന്ന് സമീപപ്രദേശങ്ങളിലേക്കുള്ള രോഗവ്യാപനമാണ്. ഇത് തടയേണ്ടത് അത്യാവശ്യമാണെന്നും അല്ലെങ്കിൽ ഗുരുതര സാഹചര്യമാകും ഉണ്ടാകുകയെന്നും വിദഗ്ദ്ധ സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു തടയാൻ ജില്ലാ സർവയലൻസ് യൂണിറ്റുകളെ പ്രാപ്തരാക്കുകയാണ് ചെയ്യുക. ക്ളസ്‌റ്ററുകളിലെ രോഗബാധ കൃത്യമായി വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഈ യൂണിറ്റുകളോട് ആവശ്യപ്പെടും. രോഗവ്യാപനത്തിന്റെ ട്രെൻഡ്, സമ്പർക്ക ഉറവിടം കണ്ടെത്തൽ, ക്വാറന്റൈനിലുള്ളവരുടെ അവസ്ഥ എന്നിവയെല്ലാം സൂക്ഷ്‌മമായി വിലയിരുത്തിയാകും റിപ്പോർട്ട് തയ്യാറാക്കുക. ഇതിനൊപ്പം തദ്ദേശ സ്ഥാപനങ്ങൾ രൂപം നൽകുന്ന തീരദേശ ആരോഗ്യ ടാസ്‌ക് ഫോഴ്സും ഉണ്ടാകും. തീരദേശത്ത് വേണ്ട ആരോഗ്യ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമായിരിക്കും.
തീരദേശ ആരോഗ്യ ബോർഡ്
കളക്ടർ അദ്ധ്യക്ഷനായ സമിതി
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബോർഡിൽ
ആരോഗ്യ നയരൂപീകരണം പ്രധാന ചുമതല
മാസത്തിലൊരിക്കൽ സമിതി യോഗം ചേരും
ലക്ഷ്യങ്ങൾ
അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഒരുക്കൽ
വിദഗ്ദ്ധരുടെയും മതനേതാക്കളുടെയും അഭിപ്രായം തേടും
സമ്പർക്ക ഉറവിടം വേഗത്തിൽ കണ്ടെത്തുക
പരിശോധനകൾ തീവ്രമാക്കുക
റിവേഴ്സ് ക്വാറന്റൈൻ ഉറപ്പാക്കുക
രോഗികൾക്ക് മാനസിക പിന്തുണ നൽകുക
മറ്ര് മെഡിക്കൽ സഹായങ്ങൾ ഉറപ്പാക്കുക