1

തിരുവനന്തപുരം: അർബുദ രോഗത്തിന്റെ അവശതകൾക്കിടയിലും തന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മറന്ന് എൺപത്തിമൂന്നാം വയസിലും വഴുതയ്ക്കാട് ഈശ്വരവിലാസത്തിൽ പത്മിനി ടീച്ചർ കർമ്മനിരതയാണ്. കഴിഞ്ഞ 30 വർഷത്തെ സപര്യയിലൂടെ സ്വായത്തമാക്കിയ ചിത്രരചന നിർദ്ധനയായ ഒരു വിദ്യാർത്ഥിനിയ്ക്ക് താങ്ങാവുമെന്ന പ്രതീക്ഷയോടെ.

സർക്കാർ സ്കൂളുകളിൽ പ്രഥമാദ്ധ്യാപികയായിരുന്നു പി.എസ്. പത്മിനി. വിരമിക്കുമ്പോൾ യൂനിസെഫിന്റെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷനിൽ കോ-ഓർഡിനേറ്ററായിരുന്നു. പിന്നീടാണ് ചിത്രരചന പഠിച്ചത്. ഭർത്താവ് എൻ. ഗോപിനാഥൻ ആചാരിയാണ് ടീച്ചറിന് എല്ലാ പിന്തുണയും നൽകിയത്. തിരുവനന്തപുരം മോഡൽ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം ഇരുപതുവർഷംമുമ്പ് മരിച്ചു. സൈക്കിൾ സഞ്ചാരത്തിന്റെ പ്രചാരകനായ മകൻ പ്രകാശ് പി. ഗോപിനാഥാണ് ഇപ്പോൾ അമ്മയുടെ ആഗ്രഹങ്ങൾക്ക് കൂട്ട്.

വഴുതയ്ക്കാട്ടെ വീട്ടിൽ ചിത്രപ്രദർശനം നടത്താൻ എല്ലാ ഒരുക്കങ്ങളും നടത്തിയതായിരുന്നു. അപ്പോഴാണ് കോവിഡ് വ്യാപനം നഗരത്തെ പൂട്ടിയത്. അതോടെ ചിത്രപ്രദർശനം ഓൺലൈനിലായി. ഒരു ആർട്ട് കമ്പനിയുടെ വെബ്‌സൈറ്റിൽ ഒരുമാസത്തേക്ക്‌ വാടകയ്ക്ക് ഇടം പങ്കുവച്ചാണ് 165 ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. നാളെവരെ പ്രദർശനം തുടരും. ചിത്രങ്ങൾ വിറ്റു കിട്ടുന്ന തുക പൂർണ്ണമായി വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശിയായ അജിത്ര എന്ന വിദ്യാർത്ഥിനിയ്ക്ക് വീടു നിർമ്മിക്കാനായി മാറ്റിവയ്ക്കും. അജിത്രയ്ക്ക് വീടുവയ്ക്കാൻ മുൻമേയറും ഇപ്പോൾ എം.എൽ.എ.യുമായ വി.കെ. പ്രശാന്താണ് മുന്നിട്ടിറങ്ങിയത്.