covid

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി ജില്ലയിലെ എസ് ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74 ആയി.

ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചതായി കെ പി ഒ എ ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. ആന്റി വൈറൽ ചികിൽസയും പ്ലാസ്മ തെറാപ്പിയും അടക്കം നൽകിയിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 1310 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 885 പേർക്ക് ഇന്നലെയും 425 പേർക്ക് വ്യാഴാഴ്ചയും രോഗം സ്ഥിരീകരിച്ചതാണ്. ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ 1,162 പേർ സമ്പർക്ക രോഗികളാണ്. 36 പേരുടെ ഉറവിടം വ്യക്തമല്ല. 864 പരാണ് രോഗമുക്തി നേടിയത്.