ന്യൂഡല്‍ഹി: പൊലീസുകാരുടെ കൺമുന്നിൽ ഗോരക്ഷാ പ്രവര്‍ത്തകര്‍ യുവാവിനെ ക്രൂരമായി മർദിച്ചു. മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. പിക്കപ്പ് വാന്‍ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് പൊലീസിന്റേയും നാട്ടുകാരുടേയും മുന്നിലിട്ട് ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. പശുവിന്റെ മാംസം കടത്തി എന്നാരോപിച്ചായിരുന്നു ലുഖ്മാനെ മര്‍ദിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിക്കപ്പ് വാനിനെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം തടഞ്ഞിട്ടായിരുന്നു ആക്രമണം. അക്രമികളെ പിടികൂടുന്നതിനേക്കാള്‍ വേഗത്തില്‍ പൊലീസ് പിടിച്ചെടുത്ത ഇറച്ചി പരിശോധനയക്കായി ലാബിലേക്ക് അയക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. വീഡിയോയില്‍ അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.