കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒരു കോടിയോളം വിലമതിക്കുന്ന പാമ്പിൻ വിഷം കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ പ്രാദേശിക പൊലീസ് സംഘവും സി ഐ ഡിയും നടത്തിയ അന്വേഷത്തിലാണ് ഇവരെ പിടികൂടിയത്. ഇവർ പാമ്പിൻ വിഷം കടത്തുന്ന അന്താരാഷ്ട്ര റാക്കറ്റ് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.
പക്കുവാഹത്ത് പെട്രോൾ പമ്പ് ഏരിയയിലെ ഒരു കാറിൽ നിന്ന് ഒരു കോടി രൂപയോളം വിലമതിക്കുന്ന 600 ഗ്രാം പാമ്പ് വിഷമാണ് സി ഐ ഡിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഗംഗരാംപൂർ പ്രദേശത്തെ താമസക്കാരായ ആലം മിയാൻ (32), മുസ്ഫിക് ആലം (29) എന്നിവരെയാണ് പിടികൂടിയത്.
ഫ്രഞ്ച് നിർമിത ബുള്ളറ്റ് പ്രൂഫ് ബോക്സിലാണ് പാമ്പിന്റെ വിഷം സൂക്ഷിച്ചിരുന്നത്. വിഷം കടത്താൻ ഇരുവരും മാൽഡയിലേക്ക് പോവുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ മാൽഡ ജില്ല കള്ളക്കടത്തിൽ കുപ്രസിദ്ധമാണ്.