തിരുവനന്തപുരം: അമ്പത് വയസ് കഴിഞ്ഞ പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നിർദേശം. രോഗബാധിതരേയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കഴിഞ്ഞ നാലര മാസത്തോളമായി വിശ്രമമില്ലാത്ത ജോലിയാണ് പൊലീസ് ചെയ്യുന്നത്. പൊലീസ് മേധാവിയുടെ ഉത്തരവ് ഉദ്യോഗസ്ഥർക്ക് ആശ്വാസമാകും.
സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നിരന്തരമായി കൊവിഡ് ബാധിക്കുകയും പൊലീസ് സ്റ്റേഷനുകൾ അടച്ചിടേണ്ട സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. പൊലീസുകാർക്കിടയിലെ മാനസിക സമ്മർദ്ദവും മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി കൗൺസിലിംഗ് ഉൾപ്പെടെ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഉത്തരവുകൾ പാടില്ലെന്ന് ഡി.ജി.പി നേരത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പൊലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിർന്ന ഉദ്യോഗസ്ഥരുടേതാണ്. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ഡി.ഐ.ജിമാരും ഐ.ജിമാരും ശ്രദ്ധിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു.