തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നാലാംപ്രതി സന്ദീപ് നായരുമായുള്ള ബന്ധത്തെ തുടർന്ന് ഗ്രേഡ് എസ്.ഐയും പൊലീസ് അസോസിയേഷൻ ജില്ലാനേതാവുമായ ഒരു ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ ഡി.ജി.പിയ്ക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് മണ്ണന്തല പൊലീസ് സന്ദീപിനെ പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാൻ ഇടപെട്ടത് അസോസിയേഷൻ നേതാവായ ഇയാളായിരുന്നു. ഇത് അച്ചടക്ക ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജാമ്യം നേടാൻ പൊലീസിൽ സമ്മർദം ചെലുത്തിയത് ഗ്രേഡ് എസ്.ഐ എന്ന നിലയിലുള്ള വീഴ്ചയാണ്. അതേസമയം, നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഇയാൾക്ക് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഗുരുദിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്മേൽ ഡി.ജി.പിയാണ് തുടർ നടപടി സ്വീകരിക്കേണ്ടത്.