rat

ന്യൂഡൽഹി: മരിച്ച സ്ത്രീയുടെ ശരീരഭാഗങ്ങൾ മോർ‌ച്ചറിയിൽ നിന്ന് എലി കരണ്ടു എന്ന ആരോപണവുമായി ആശുപത്രിക്കെതിരെ കുടുംബം. സ്ത്രീയുടെ മുഖഭാഗങ്ങളും ചെവിയുമാണ് എലി കരണ്ടതെന്നാണ് കുടുംബം പഞ്ചാബിലെ ഡെറബാസിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഉന്നയിക്കുന്ന ആരോപണം. വിരമിച്ച ആർമി കേണലിന്റെ ഭാര്യം ജസ്ജോത് കൗർ(52) ആണ് വ്യാഴാഴ്ച മരിച്ചത്. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു.

സംഭവത്തിൽ സ്ത്രീയുടെ കുടുംബം ആശുപത്രി കെട്ടിടത്തിന് പുറത്ത് പ്രതിഷേധിച്ചു. തുടർന്ന് പൊലീസും തഹസിൽദാറും സ്ഥലത്തെത്തി. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് ഇതിനുകാരണമെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയതോടെയാണ് ആശുപത്രിക്കു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്.

തുടർന്ന് പ്രാദേശിക പൊലീസ് മൃതദേഹം ഡെറാബസി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ജസ്ജോത് നെഞ്ചുവേദനയെ തുടർന്നാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിൽപോയി കണ്ടിരുന്നെന്ന് ജസ്ജോതിന്റെ മകൾ പറഞ്ഞു.

"മരിച്ച ശേഷം അമ്മയുടെ വസ്ത്രങ്ങൾ മാറ്റിയത് ഞാനാണ്. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ബന്ധുക്കൾ എത്താനിരിക്കെയായിരുന്നു. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നിശ്ചയിച്ചിരുന്നത്. മൃതദേഹം എടുക്കാൻ എത്തിയപ്പോൾ മുഖത്തും ചെവിയിലും രക്തക്കറയുണ്ടായിരുന്നു. ഇതിനെ കുറിച്ച് ആശുപത്രി ജീവനക്കാരോട് ചോദിച്ചിരുന്നെങ്കിലും അവർ തൃപ്തികരമായ മറുപടി നൽകിയില്ല. തുടർന്ന് പിതാവിനെ വിവരമറിയിച്ചു. ഞങ്ങൾ മൃതദേഹം പരിശോധിച്ചപ്പോൾ ചെവികളും, മുഖവും ഒരുഭാഗം കരണ്ടുതിന്ന രീതിയിൽ കണ്ടെത്തി". -മരിച്ച സ്ത്രീയുടെ മകൾ പറഞ്ഞു. ആശുപത്രി ജീവനക്കാർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.