erin

ന്യൂയോർക്ക്: യു.എസിലെ മിയാമിയിൽ മലയാളി നഴ്സിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലപ്പെടുന്നതിന് പത്ത് ദിനം മുമ്പ് കോട്ടയം സ്വദേശി മെറിൻ ജോയി(28) ഭർത്താവ് നെവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ജൂലായ് 19ന് അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. ഭീഷണി സഹിക്കാതായപ്പോഴാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. വിവാഹ മോചന കേസ് കൈകാര്യം ചെയ്യുന്ന അറ്റോർണിയെ സമീപിക്കാനായിരുന്നു പൊലീസ് നൽകിയ മറുപടിയെന്ന് മെറിന്റെ സുഹൃത്തുക്കൾ പറയുന്നു.

ഫോണിലൂടെ നെവിന്റെ ഭീഷണി തുടർന്നതോടെ അയാളുടെ നമ്പർ മെറിൻ ബ്ലോക്ക് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് മെറിൻ നാട്ടിൽ നിന്ന് തിരിച്ച് അമേരിക്കയിലേക്ക് പോയത്. അതിനുശേഷം മെറിനും നെവിനും രണ്ടിടത്താണ് താമസിച്ചിരുന്നത്.

ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ.ജൂലായ് 28ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 തവണ കുത്തിപരിക്കേൽപ്പിച്ചശേഷം, നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു. നെവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികൾക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്.