മുംബയ്: രാജ്യത്ത് തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. കഴിഞ്ഞ ഒരുവർഷത്തിനിടെ പവന്‍ 14,240 രൂപയാണ് വർദ്ധിച്ചത്.
പവന്‍ വില 50,000 അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാൽ വിലകുറയാനും അത് ഇടയാക്കിയേക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു.
സ്വർണ വില ഇത്രയും വർദ്ധിച്ചതോടെ പണിക്കൂലി(മിനിമം 5%) ജി.എസ്.ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും. കൊവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർദ്ധനവിന് പിന്നിലെ പ്രധാന കാരണം.കൊവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വില വർദ്ധന തുടാനാണ് സാദ്ധ്യത.