സ്വിച്ചിട്ടപോലെ നോൺസ്റ്റോപ്പായി വർത്തമാനം പറയുന്ന ഗായത്രി സുരേഷിന്റെ
ചുറുചുറുക്കിന്റെയും ആത്മവിശ്വാസത്തിന്റെയും രഹസ്യങ്ങൾ അറിയാം...
തൃശൂരുകാർ സഹൃദയരാണെന്ന് പറയുന്നത് വെറുതേയല്ല.അവിടെയെത്തിയാൽമേളവും വെടിക്കെട്ടുംആനക്കമ്പവുംകുടമാറ്റവുമൊക്കെയായി കലകളുടെയുംആഘോഷങ്ങളുടെയുംബഹളമാണ്. അപ്പോൾ പിന്നെ ഗായത്രി സുരേഷ് എന്ന തനി തൃശൂരുകാരി പെൺകുട്ടി അടിമുടികലാകാരിയായതിൽ അദ്ഭുതപ്പെടാനില്ല. അഭിനയിക്കാനുംപാട്ടുപാടാനുംനൃത്തം ചെയ്യാനുമെല്ലാംഏത് നിമിഷവുംറെഡിയാണ് ഈ സുന്ദരി.സ്വിച്ചിട്ടപോലെനോൺസ്റ്റോപ്പായിവർത്തമാനം പറയുന്നഗായത്രിയുടെചുറുചുറുക്കിന്റെയുംആത്മവിശ്വാസത്തിന്റെയും രഹസ്യങ്ങൾ അറിയാം...
ഇങ്ങനാണ് ഭായ്
ഒരു കാര്യവും എന്നെ കൊണ്ട് കഴിയില്ലെന്ന് വിചാരിക്കാറില്ല. പാട്ട് പാടാൻ പറഞ്ഞാൽ പാടും. ഡാൻസ് കളിക്കാൻ പറഞ്ഞാൽ കളിക്കും. നാണിച്ച് മാറി നിൽക്കുന്നതിനെക്കാൾ നല്ലതല്ലേ അത്. ചെറുപ്പം മുതലേ ഞാനിങ്ങനെയാണ്. ഇത്രയും ഓപ്പണായി സംസാരിക്കാമോയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. മീഡിയയെയും നാട്ടുകാരെയുമൊക്കെ പേടിക്കണമെന്ന് ഉപദേശിക്കുന്നവരുമുണ്ട്. പക്ഷേ, എനിക്കത് പറ്റില്ല. എന്തും തുറന്ന് പറഞ്ഞില്ലെങ്കിൽ പെരുമാറ്റം കൃത്രിമമായി തോന്നും. ഈ സ്വഭാവം ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടേയെന്ന് വയ്ക്കും. അതുപോലെ നല്ല സ്പീഡിൽ ഉറക്കെയാണ് ഞാൻ സംസാരിക്കുന്നത്. നന്നായി ശ്രദ്ധിച്ചിരുന്നാലേ പറയുന്ന കാര്യം പിടികിട്ടൂ.
പിന്തുണയുമായി കൂട്ടുകാർ
കൂട്ടുകാരും വീട്ടുകാരുമാണെന്റെ ബലം. ഏറ്റവും അധികം വിമർശിക്കുന്നതും കളിയാക്കുന്നതും കൂട്ടുകാരാണ്. ഞാൻ സിനിമയിൽ എത്തിയതിൽ അവർക്ക് ഭയങ്കര സന്തോഷമാണ്. ഞങ്ങളെല്ലാം സിനിമാഭ്രാന്തന്മാരാണ്. ഞാൻ അഭിനയിച്ച് തുടങ്ങുന്നതിന് മുമ്പു തന്നെ ഏത് സിനിമ റിലീസ് ചെയ്താലും ഞങ്ങൾ കൂട്ടത്തോടെ പോയി കാണുമായിരുന്നു. തൃശൂർ ഭാരതീയ വിദ്യാഭവനിലും വിമലാ കോളേജിലുമായാണ് പഠിച്ചത്. സ്കൂൾ മുതലുള്ള കൂട്ടുകാർ ഇപ്പോഴും കൂടെയുണ്ട്. അനിയത്തി കല്യാണിയാണ് മറ്റൊരു ബെസ്റ്ര് ഫ്രണ്ട്. ഞങ്ങൾ തല്ലൊന്നും കൂടാറില്ല. പക്ഷേ, അത് എന്റെ മിടുക്കല്ല, കല്യാണിയുടെ ഗുണമാണ്. ഞാൻ തല്ലുകൂടാൻ ചെന്നാലും അവൾ അനങ്ങാതെയിരിക്കും. എന്റെ സിനിമകളൊക്കെ കണ്ട് അഭിപ്രായം പറയും.
പക്വത ആവശ്യത്തിന്
എന്റെ കലപില സംസാരമൊക്കെ കേൾക്കുമ്പോൾ അല്പം പക്വത കുറവാണോയെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ അഭിപ്രായത്തിൽ പക്വത ആപേക്ഷികമാണ്. ഒരാൾ വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് പക്വത കൊണ്ട് അർത്ഥമാക്കുന്നത്. മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്നയാൾക്ക് പക്വതയുണ്ടാകണമെന്നില്ല. ഒരു തല്ലു നടക്കുമ്പോൾ അവിടെ പോയി പ്രശ്നം വഷളാക്കുന്നയാൾക്ക് പക്വത കാണില്ല. ആ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. സമൂഹം പക്വതയുള്ളൊരാൾക്ക് ആവശ്യമുണ്ടെന്ന് കരുതുന്ന ബാഹ്യലക്ഷണങ്ങൾ എനിക്കില്ല. പക്ഷേ, എന്ത് സാഹചര്യവും നന്നായി നേരിടാൻ കഴിയുന്നയാളാണ് ഞാൻ.
യാത്രകളാണ് ജീവൻ
കോളേജ് കഴിഞ്ഞ സമയത്താണ് ബാങ്ക് ജോലി കിട്ടുന്നത്. അതുകൊണ്ട് വെറുതേ നിൽക്കാൻ സമയമുണ്ടായിരുന്നില്ല. ചിലപ്പോൾ അഭിനയിച്ചും ബാങ്കിലെ ജോലികൾ ചെയ്തും മതിയാകും. അപ്പോൾ എവിടേക്കെങ്കിലും യാത്ര പോകും. കാരണം യാത്രകളെനിക്ക് ജീവനാണ്. പറ്റിയ കുറേ കൂട്ടുകാരുമുണ്ട്. ഞങ്ങൾ ബാംഗ്ളൂരേക്കൊക്കെ ഇടയ്ക്കിടെ പോകാറുണ്ട്. ഈ അടുത്ത സമയത്ത് ഹമ്പിയിൽ പോയിരുന്നു. വീണ്ടുമൊരു യാത്ര പ്ളാൻ ചെയ്യുന്നുണ്ട്. ഞങ്ങളുടെ കൂട്ടത്തിലൊരാളുടെ കല്യാണമാണ്. അതിനു മുമ്പ് ഒരു ബാച്ചിലേഴ്സ് ട്രിപ്പാണ് ഉദ്ദേശിക്കുന്നത്. പല സ്ഥലങ്ങളും പരിഗണനയിലുണ്ട്.
സ്വപ്നം കാണുന്നത് ബിസിനസ്
ഷൂട്ടിംഗ് ഇല്ലാത്തപ്പോഴൊക്കെ ബാങ്കിൽ പോകാറുണ്ട്. ഷൂട്ടിംഗ് ഉണ്ടെങ്കിൽ ലീവെടുക്കും. അഭിനയത്തിന് ബാങ്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഒരാൾക്ക് അയാളുടെ സർവീസിനിടയ്ക്ക് ഇത്ര ലീവെടുക്കാം എന്നുണ്ട്. അത് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇനി നൂറ്റമ്പത് ലീവൊക്കെ ബാക്കിയുണ്ടെന്നാണ് തോന്നുന്നത്. ബാങ്കിൽ ഇത്രയും കാലം ജോലി ചെയ്യുമെന്ന് കരുതിയിട്ടേയില്ല. പക്ഷേ, എന്തോ അതിനോടൊരു ഇഷ്ടം തോന്നി. സിനിമയോടും ആ ഇഷ്ടമുണ്ട്. പക്ഷേ, യഥാർത്ഥ ലക്ഷ്യം ബിസിനസാണ്. ഫാഷൻ ഡിസൈനിംഗിൽ നല്ല അഭിരുചിയുണ്ട്. എന്റെ ഡ്രസുകൾ ഡിസൈൻ ചെയ്യുന്നത് ഞാൻ തന്നെയാണ്. ഡിസൈൻ ചെയ്ത് തുന്നാൻ കൊടുക്കും. അതുകൊണ്ട് ടെക്സ്റ്റൈലുമായി ബന്ധപ്പെട്ട ബിസിനസായിരിക്കും ചെയ്യുന്നത്.
ഇഷ്ട നായകന്മാർ
അങ്കമാലി ഡയറീസിലെ ആന്റണി വർഗീസിന്റെ കൂടെ അഭിനയിക്കണമെന്നാഗ്രഹമുണ്ട്. ആന്റണിയുടെ ആ റൊമാൻസ് എനിക്ക് ഇഷ്ടമായി. സ്വന്തമായി ഒരു സ്റ്റൈലുണ്ട്. ചില നടന്മാർക്ക് മാത്രമേ അങ്ങനെയൊരു സ്റ്റൈൽ കാണൂ. ലാലേട്ടനൊക്കെ അങ്ങനെയല്ലേ. ഏത് കഥാപാത്രം ആയാലും തോളിന്റെ ഒരു ചരിവും ചില ആക്ഷനുകളുമൊക്കെ കാണുമല്ലോ. ലാലേട്ടനെ പോലെ വേറെ ഒരാളില്ല. പിന്നെ ഫഹദിന്റെയും ധനുഷിന്റെയുമൊക്കെ കൂടെ അഭിനയിക്കണമെന്നുണ്ട്.
വിവാഹം വൈകില്ല
വിവാഹം ഒരു കൊല്ലത്തിനുള്ളിൽ വേണമെന്നാണ് ആഗ്രഹം. അതിനെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കാറില്ല. വരുന്നതു പോലെ വരട്ടെ. നമുക്ക് പറ്റിയ ഒരാളെ കാണുമ്പോൾ ഇയാളെ കല്യാണം കഴിച്ചാൽ നല്ലതായിരിക്കുമെന്ന് തോന്നില്ലേ. അങ്ങനൊരാളെ കിട്ടിയില്ലെങ്കിൽ തീർച്ചയായും അറേഞ്ച്ഡ് മാരേജ് ആയിരിക്കും.