ന്യൂഡൽഹി: കുട്ടികളുടെ പഠനത്തിനായി താലി പണയം വച്ച് ടി വി വാങ്ങി ഒരു വീട്ടമ്മ. കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. റാഡർ നാഗനൂർ ഗ്രാമത്തിലെ കസ്തൂരി ചാലവാടിയാണ് തന്റെ താലിമാല കുട്ടികളുടെ പഠന ആവശ്യത്തിനായി പണയം വച്ചത്. നാല് മക്കളുടെ അമ്മയാണ് കസ്തൂരി. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ ടി വി ഇല്ലാത്തതിനാൽ തന്റെ 12 ഗ്രാം തൂക്കമുള്ള താലിമാലയാണ് പണയപ്പെടുത്തിയത്.
സംഭവം തഹസിൽദാറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം അന്വേഷിച്ചിരുന്നു. പിന്നീട് പണമിടപാടുകാരെ കണ്ട് താലി തിരികെ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കുടുംബത്തിന് സാധിക്കുമ്പോൾ പണം തിരികെ നൽകാനും നിർദേശിച്ചു.
നാട്ടുകാരും ചില രാഷ്ട്രീയ പ്രവർത്തകരും കുറച്ചുപണം കുടുംബത്തിന് നൽകുകയും ചെയ്തു. കോൺഗ്രസ് എം എൽ എ സമീർ അഹമ്മദ് 50,000 രൂപയും മന്ത്രി സി സി പാട്ടീൽ 20,000 രൂപയും കുടുംബത്തിനായി നൽകി. കുട്ടികളുടെ ഭാവിപഠനം കണക്കിലെടുത്താണ് ടി വി വാങ്ങിയതെന്ന് കസ്തൂരി പറഞ്ഞു.
"ദൂരദർശനിൽ കുട്ടികൾക്കായുള്ള ക്ലാസുകൾ കണ്ടു. ഞങ്ങളുടെ വീട്ടിൽ ടി വി ഇല്ല. അയലത്തെ വീടുകളിൽ പോയാണ് കുട്ടികൾ ടി വി കാണുന്നത്. പഠനത്തിനായി ടി വി കാണണമെന്ന് അദ്ധ്യാപകർ പറഞ്ഞപ്പോൾ അവരുടെ പഠനം കണക്കിലെടുത്ത് ഒരു ടി വി വാങ്ങിക്കണമെന്ന് തീരുമാനിച്ചു. എനിക്ക് ആരും വായ്പ നൽകിയില്ല. തുടർന്നാണ് താലി പണയം വച്ച് ടി വി വാങ്ങിയത് -വീട്ടമ്മ പറഞ്ഞു.
കൂലിപ്പണിയാണ് ഭർത്താവിന്. കൊവിഡ് പ്രതിസന്ധി കാരണം ജോലിയുമില്ലാതായി. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. മൂന്ന് കുട്ടികൾ 7,8 ക്ലാസുകളിൽ പഠിക്കുന്നുവെന്നും കസ്തൂരി വ്യക്തമാക്കി.