jose-joseph

തിരുവനന്തപുരം: സംസ്ഥാനത്ത് എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരം വരികയാണെങ്കിൽ കേരള കോൺഗ്രസ് എം.എൽ.എമാർക്ക് വിപ്പ് നൽകുമെന്ന് വ്യക്തമാക്കി പി.ജെ ജോസഫ്. അതേസമയം ജോസഫിനെ തള്ളി ജോസ് പക്ഷം രംഗത്തെത്തി. പാർട്ടി വിപ്പ് റോഷി അഗസ്റ്റിനാണെന്നും, അതിനാൽ തന്നെ വിപ്പ് നൽകേണ്ടത് റോഷിയാണെന്നും ജോസ് പക്ഷം വ്യക്തമാക്കി.

ജോസ് പക്ഷത്തെ എം.എൽ.എമാർ വിപ്പ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസഫ് വ്യക്തമാക്കി. രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം യു.ഡി.എഫ് നേതൃത്വം തീരുമാനം എടുക്കും. രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാൽ വിപ്പ് ബാധകമായിരിക്കുമെന്നും ജോസഫ് പറഞ്ഞു.

നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് ഇടത് സ്ഥാനാർത്ഥിക്ക് ജയിച്ച് കയറാം. യു.ഡി.എഫിൽ നിന്നും മാറ്റി നിർത്തിയ ജോസ് കെ മാണി പക്ഷത്തെ രണ്ട് എം.എൽ.എമാർ ആർക്ക് വോട്ട് ചെയ്യുമെന്നത് നിർണായകമാകും. ഓരോ പാർട്ടിക്കും എം.എൽ.എമാർക്ക് വിപ്പ് നൽകാം. ആർക്കാണ് വോട്ട് ചെയ്തതെന്ന് പാർട്ടി നിയോഗിക്കുന്ന ഏജന്റിനെ എം.എൽ.എമാർ കാണിക്കണം. ജോസ് പക്ഷം സാങ്കേതികമായി കേരള കോൺഗ്രസിൽ തന്നെ തുടരുന്നതിനാൽ നിലവിൽ പാർട്ട് വിപ്പ് അവർക്ക് ബാധകമാണ്.

വിപ്പ് അംഗീകരിച്ചാൽ ചെയർ‍മാൻ ജോസഫിനെ അംഗീകരിക്കുന്നതായും യു.ഡി.എഫിൽ തുടരുന്നതായും വിലയിരുത്തരപ്പെടും. പക്ഷെ യു.ഡി.എഫ് മാറ്റിനിർത്തിയ വിഭാഗത്തിന് എങ്ങനെ വിപ്പ് നൽകുമെന്നത് ജോസഫ് പക്ഷത്തിന് മുന്നിലെ പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ നിർത്തണോ വേണ്ടയോ എന്ന് യു.ഡി.എഫ് ച‍ർച്ച ചെയ്യുന്നത്. ചിഹ്നത്തിൽ തർക്കം ഉള്ളതിനാൽ വിപ്പ് നിലനിൽക്കുമോ എന്ന സംശയത്തിലാണ് ജോസ് പക്ഷം. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം.