പാലേർമോ: അത്യപൂർവ്വമായി മാത്രം സാധിക്കുന്ന ഒരു കാര്യം ഈ 96ആം വയസ്സിൽ ജുസേപ്പെ അപ്പൂപ്പൻ നേടി. മൂന്ന് വർഷം പഠിച്ച് ഒരു ഡിഗ്രിയെടുത്തു. ഇറ്റലിയിലെ പാലേർമോ നഗരവാസിയായ ജുസേപ്പെ പറ്റേർണോക്ക് ചെറുപ്പകാലത്ത് കഷ്‌ടപ്പാടുകൾ കാരണം അധികം പഠനത്തിന് അവസരം കിട്ടിയില്ല. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധം ഇങ്ങെത്തി. തുടർന്ന് ഇറ്റലിയിലെ നാവികസേനയിൽ ചേർന്ന് അവിടെ ജോലി നോക്കി. ശേഷം റെയിൽവേയിൽ ജോലി സ്വീകരിച്ച് വിവാഹം കഴിച്ച് രണ്ട് കുട്ടികളുമായി കഴിച്ചുകൂട്ടി.
യുദ്ധത്തിന് ശേഷം തകർന്ന ഇറ്റലിയിലെ പുനർനിർമ്മാണത്തിനായി ജുസേപ്പെയും കൂടി. യുദ്ധാനന്തരമുളള ലോകമായാലും നിലവിലെ കൊവിഡ് കാലത്തെ പഠനമായാലും എല്ലാം കൂടുതൽ തന്നെ ശക്തനാക്കി എന്നാണ് ജുസേപ്പെ അപ്പൂപ്പൻ പറയുന്നത്. അറിവ് എന്ന് പറയുന്നത് ഒരു സ്യൂട്ട് കേസ് പോലെയാണെന്നും അത് താൻ എപ്പോഴും കൊണ്ടുനടക്കുന്ന നിധിയാണെന്ന് പറയുന്നു ജുസേപ്പെ . 31ആം വയസ്സിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അന്ന് മുതൽ എഴുത്തുമുണ്ട്. 1984ൽ റെയിൽവേയിൽ നിന്ന് വിരമിച്ചപ്പോൾ അമ്മ നൽകിയ ടൈപ്പ് റൈറ്ററിൽ ലേഖനങ്ങൾ ടൈപ്പ് ചെയ്‌ത് തുടങ്ങി. 2017ൽ പഠനം തുടർന്ന് ഡിഗ്രി നേടണം എന്ന ആഗ്രഹം ജുസേപ്പെയ്‌ക്ക് ഉണ്ടായി. ഏറെ ആലോചിച്ച ശേഷം പലേർമോ സർവകലാശാലയിൽ ചരിത്രവും തത്ത്വശാസ്‌ത്രവും പഠിക്കാൻ ചേർന്ന്. ഇപ്പോൾ തന്നെക്കാൾ 70 വയസ്സിലേറെ ചെറുപ്പമുളള സഹപാഠികൾക്കൊപ്പം ഒന്നാമനായി ഡിഗ്രി പാസായി ജുസേപ്പെ. എന്നാൽ പ്രായത്തിന്റെ കണക്കൊന്നും നോക്കാതെ മറ്റുളളവരെപ്പോലെ സാധാരണ മനുഷ്യനാണ് താനും എന്നാണ് ജുസേപ്പെ പറയുന്നത്. ഒന്നാം സ്ഥാനം നേടിയ ജുസേപ്പെ പറ്റേർണോയെ കുടുംബാംഗങ്ങളും, സഹപാഠികളും, അദ്ധ്യാപകരും കരഘോഷത്തോടെയാണ് ബിരുദദാന ചടങ്ങിൽ സ്വീകരിച്ചത്. സർവ്വകലാശാല ചാൻസലർ ഫാബ്രിസിയോ മിക്കാറിയും ജുസേപ്പെയെ അഭിനന്ദിച്ചു.
കൂടുതൽ അറിവ് നേടാൻ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് ലോകത്തെ ബോധിപ്പിക്കാനുളള പുതിയ ഉദാഹരണമാകുകയാണ് എന്തായാലും ജുസേപ്പെ പറ്റേർണോ.