കൊവിഡ് പ്രതിസന്ധിയിൽ ചിലർക്ക് ജോലിതന്നെ നഷ്ടപ്പെട്ടു. എന്നാൽ ചിലർ മറ്റ് മേഖലകളിൽ ജോലി കണ്ടെത്താനും തുടങ്ങി. അങ്ങനൊരു കഥയാണ് കാക്കനാട് തൃപ്പൂണിത്തുറ ബൈപ്പാസിൽ വഴിയരികിൽ 60 രൂപക്ക് ഇലപ്പൊതി ബിരിയാണി വിൽക്കുന്ന സജനയ്ക്ക് പറയാനുള്ളത്.

sajana

ഒരു ട്രാൻസ്ജൻഡർ ആണ് സജന. വർഷങ്ങളോളം ട്രയിനിൽ ഭിക്ഷാടനം നടത്തി വരികയായിരുന്നു. ഒരു ദിവസം മലയാളിയായ യാത്രക്കാരനോട് കാശു ചോദിച്ചപ്പോൾ നിനക്കൊക്കെ എന്തെങ്കിലും പണിയെടുത്തു ജിവിച്ചുകൂടെ എന്നു ചോദിച്ചു തല്ലാൻ വന്നു. അവിടെ നിന്നാണ് സജനയുടെ ജീവിതത്തിലെ വഴിത്തിരിവ്. ആ യാത്രകാരനോട് തന്നെ എന്തെങ്കിലും പണി തരാമോ താമസിക്കാൻ ഒരിടം തരാമോ എന്ന് സജന ചോദിച്ചു. അയാൾ ഒരു 100 രൂപ നൽകി. ആ യാത്രക്കാരന്റെ ചോദ്യത്തിനും അയാൾ നൽകിയ 100 രൂപക്കും സജന എന്ന ട്രാൻസ്ജൻഡർ ഭിക്ഷക്കാരിയെ ഇന്ന് ഒരു സംരംഭക ആക്കി മാറ്റാൻ സാധിച്ചു.

കോട്ടയം ജില്ലയിൽ ജനിച്ച സജന സ്കൂൾ വിദ്യാഭ്യാസം സമൂഹത്തിന്റെയും കൂട്ടുകാരുടെയും കളിയാക്കലിൽ ഒമ്പതാം ക്ലാസിൽ അവസാനിച്ചു. അന്ന് തന്നെ എല്ലാവരും കളിയാക്കി വിളിച്ചിരുന്നത് പെണ്ണാച്ചി എന്നായിരുന്നെന്നും ഇവ‌ർ പറയുന്നു. തുടർന്ന് വീട് വിട്ട് ഇറങ്ങി.

"കോഴിക്കോടും വടകരയിലും ഒരുപാടു സ്ഥലങ്ങൾ ജോലിക്ക് നിന്നെകിലും പലരും ലൈംഗികതയോടെയാണ് നോക്കി കണ്ടത്. എറണാകുളം ജില്ലയിൽ എത്തിയത് 22 വയസിലാണ് അതിന് ശേഷമാണു എന്നെപോലെ ഉള്ളവരെ കാണുകയും അവരോട് സംസാരിക്കാനും ഞാനും അവരെപ്പോലെ ആണ് എന്ന് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെ സ്ത്രീ വേഷം ധരിക്കാൻ തീരുമാനിച്ചു.

വീട്ടിൽ വിളിക്കുകയും ഉമ്മയോട് ഞാൻ ഇനി സ്ത്രീ ആയി ജീവിക്കാൻ തീരുമാനിക്കുകയാണ് എന്ന് അറിയിച്ചു. ഉൾകൊള്ളാൻ പറ്റുമെങ്കിൽ ഉൾക്കൊള്ളുക എന്നും പറഞ്ഞു . ഉമ്മയുടെ മറുപടി നിനക്ക് ശെരിയെന്ന് തോന്നുന്നത് നീ ചെയുക എന്നായിരുന്നു. ആ മറുപടി ഏറെ സന്തോഷിപ്പിച്ചു.

സർജറിക്കായി മാറ്റിവച്ച കാശും കുറച്ചു സ്വർണ്ണവും വിറ്റുകിട്ടിയ കാശുമെടുത്ത് ഒരു കാർ വാങ്ങി. ഗ്യാസും അടുപ്പും പത്രങ്ങളും വാങ്ങി ജീവിക്കാനുള്ള മാർഗം കണ്ടെത്തി. ഇപ്പോൾ 4 തൊഴിലാളികൾ ഉണ്ട്. റോഡരികിലാണ് കച്ചവടം. കളമശേരി ഹൈകോർട്ട് ഇരുമ്പനം എന്നി സ്ഥലത്തും 3 സ്റ്റാഫുകൾ ഉണ്ട്. ഇനി ഒരു ഹോട്ടൽ തുടങ്ങണമെന്നും സജന പറയുന്നു.